Tuesday, August 9, 2022

 കൊല്ലപ്പെട്ട അയാൾ തിരിച്ചു വന്നതെങ്ങനെ-അതോ തിരിച്ചു വന്നത് അയാൾ തന്നെയല്ലേ?  അഥവാ അയാൾ തന്നെയായിരുന്നെങ്കിൽ അത് തെളിയിക്കാൻ പ്രകൃതി അയാൾക്കായി കാത്തു വെച്ച തെളിവുകൾ എന്തൊക്കെയായിരുന്നു? 

ONE LINE

പരൻ

(Dummy title)

കഥ : അജിത് നമ്പൂതിരി

 

ഭൂമിക/Location:

ഉത്തരേന്ത്യയിലെ തിരക്കുള്ള ഒരു നഗരം, മുംബൈ ആവാം

ആമുഖം:

പല ഭാഗത്തും പല സന്ദർഭങ്ങളിലും പ്രത്യേകിച്ചും ബിസിനസ്സ് സാമ്രാജ്യങ്ങളുടെ രഹസ്യകേന്ദ്രങ്ങളിൽ പൂട്ടുകൾ തുറക്കാതെ തന്നെ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അൻപതിലധികം പ്രായം തോന്നുന്ന  ജടാധാരിയായ  ഒരു മൗനസന്യാസി നഗരത്തിൽ ചർച്ചാവിഷയമാകുന്നു.അയാൾ ആർക്കും ഒരു ഉപദ്രവവും സൃഷ്ടിച്ചില്ല,അയാളുടെ ഉദ്ദേശ്യങ്ങൾ ആർക്കും മനസിലായില്ല. അയാൾ അയാൾക്ക് തന്നെ അജ്ഞാതനായിരുന്നു എന്നത് ആർക്കും അറിവുണ്ടായിരുന്നില്ല. ഇയാളുടെ സാന്നിധ്യം  വമ്പൻ ബിസിനസ്സുകാരിൽ സംശയത്തിന്റെ നിഴൽപ്പാടുകൾ വീഴ്ത്തി. ഇയാൾ ആരാണെന്ന സ്വകാര്യ ഏജൻസികളുടെ രഹസ്യാന്വേഷണങ്ങൾ എങ്ങുമെത്തിയില്ല.

അങ്ങനെയിരിക്കെ

 കേരളത്തിൽ നിന്നും നൂറ്റാണ്ടുകൾക്കു മുൻപ് നഗരത്തിലേക്ക് കുടിയേറിയ ഒരു ബിസിനസ്സ് കുടുംബത്തിന്റെ കൂട്ടായ്‌മയിൽ ഒരു ദിവസം അയാൾ പ്രത്യക്ഷപ്പെട്ടത് പലർക്കും ഞെട്ടലുണ്ടാക്കി. പ്രത്യേകിച്ചും രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന, ഇന്ത്യൻ ഭരണകേന്ദ്രങ്ങളിൽ വരെ സ്വാധീനമുള്ള അതിസമ്പന്നമായ ഈ ബിസിനസ്സ് കുടുംബത്തെ മുഴുവൻ ആശങ്കയുടെ മുൾമുനയിൽ നിർത്തി ആ മൗനസാന്നിധ്യം. ആ കണ്ണുകളുടെ തീക്ഷ്ണതയിൽ അവർ വെന്തുരുകി. പോകുന്നിടത്തെല്ലാം ആ കണ്ണുകളിലെ അഗ്നിസ്ഫുലിംഗങ്ങൾ അവരെ പിന്തുടരുന്നതുപോലെ അവർക്കു തോന്നി.

 

മുൻകാലം :

രാജ്യത്തെ തന്നെ ഒരു പ്രധാന ബിസിനസ്സ് മാഗ്നെറ്റിന്റെ മകൻ ,അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ധാരാളിയായി,സുഖലോലുപനായി,ഇഷ്ടം പോലെ ധൂർത്തടിച്ചു ജീവിച്ച യുവാവ് , അച്ഛന്റെ മരണ ശേഷം ആ ബിസിനസ്സ് സാമ്രാജ്യം മുഴുവൻ ഏറ്റെടുത്തു നടത്താൻ വിധിക്കപ്പെട്ടിട്ടും  വിവാഹം കഴിഞ്ഞിട്ടും പഴയ ചെളിക്കുണ്ടിൽ തന്നെ ജീവിതം തുടർന്നപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും അയാളെ ഉപേക്ഷിക്കുന്നു. തുടർന്ന് ഭാര്യയും സഹോദരനും ചേർന്ന് നടത്തിയ ഒരു നീക്കത്തിലൂടെ ഒരു പ്രത്യേക രീതിയിൽ സവിശേഷസാഹചര്യത്തിൽ കൊല്ലപ്പെടുന്നു. മൃതദേഹം ചിതയിൽ വെച്ച് ദഹിപ്പിക്കുന്നു. ആസ്തികളും ബിസിനസ്സ് സാമ്രാജ്യവും ഭാര്യയുടെയും സഹോദരന്റെയും അധീനതയിലാകുന്നു.

 

******************************************************

വര്ഷങ്ങള്ക്കു ശേഷമാണ് അയാൾ വീണ്ടും നഗരത്തിൽ ഒരു മൗനസന്യാസിയായി പലയിടങ്ങളിലും പ്രത്യക്ഷപ്പെടു ന്നത്. പിന്നീട് ബന്ധുക്കളാലും സുഹൃത്തുക്കളാലും മറ്റും തിരിച്ചറിയപ്പെട്ടെങ്കിലും അവർക്കു തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും പക്ഷെ പഴയകാല ഓർമ്മകൾ മുഴുവൻ കടലെടുത്തുപോയതുകൊണ്ട് അയാൾ അയാൾക്ക് തന്നെ അജ്ഞാതനായിരുന്നു എന്നതിനാൽ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചു അയാളെ ഓർമ്മിപ്പിക്കാൻ  ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടുപോവുന്നു. നേരത്തെ പറഞ്ഞ ബിസിനസ്സ് കുടുംബത്തിന്റെ മേധാവിയായി അത്യാഢംബര ത്തോടെ   നഗരഹൃദയത്തിൽ ഇന്ന് ജീവിച്ചു വരുന്ന  സ്വന്തം ഭാര്യയെപ്പോലും അയാൾ തിരിച്ചറിഞ്ഞില്ല എന്നത് അവർക്കും ആശ്വാസമായി. ചിതയിൽ ദഹിപ്പിക്കപ്പെട്ട ഒരാൾ എങ്ങനെയാണ് ഇരുപതോളം വര്ഷങ്ങള്ക്കു ശേഷം ജീവനോടെ വീണ്ടും പ്രത്യക്ഷപ്പെടുന്നത്? തങ്ങളാൽ കൊല്ലപ്പെട്ട ഒരാൾ തിരിച്ചു വന്നുവെന്നത് അവർക്കു തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല.

 

പക്ഷെ അധികം താസിയാതെ ഒരു നാൾ അയാളിലേക്ക് കടലെടുത്തുപോയ പഴയ ഓർമകളെല്ലാം ഇരമ്പിയാർത്തുകൊണ്ടു തിരിച്ചുവന്നപ്പോൾ അത് ഒരു കോളിളക്കത്തിന്റെ ആരംഭമായിരിക്കുമെന്നു ആരും ഓർത്തില്ല. ഏതോ ഒരജ്ഞാത നിർദേശപ്രകാരം അയാൾ സന്യാസവേഷവും മൗനവും മാറ്റിവെച്ചു തന്റെ ഭൂതകാലത്തെ തിരിച്ചുപിടിക്കാൻ ആരംഭിച്ചു.   തന്റെ ആസ്തികളും ബിസിനസ്സ് സാമ്രാജ്യവും തിരിച്ചുപിടിക്കാൻ അയാൾ ശ്രമിച്ചപ്പോഴെല്ലാം ഭാര്യയും സഹോദരനും നിയമത്തിന്റെ ശക്തിയുപയോഗിച്ചു അതിന്റെ തടുത്തു നിർത്തിക്കൊണ്ടിരുന്നു. സ്വാഭാവികമായും ഭരണകൂടത്തിന്റെ ഒത്താശ അവർക്കനുകൂലമായിരുന്നു. നിയമത്തിന്റെ കണ്ണുകളിൽ പോലും അയാൾ പരേതനായിരുന്നുവല്ലോ. അയാളെ വീണ്ടും കൊല്ലാൻ ഭാര്യയും സഹോദരനും നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്താൻ തക്കവണ്ണം അയാൾ പക്ഷെ  ആത്മീയശക്തി ആർജിച്ചിരുന്നു. സത്യത്തിന്റെ തിരമാലകൾ ആർത്തലച്ചു വന്നപ്പോൾ,പർവതശിഖരങ്ങളിൽ നിന്നും വന്നെത്തിയ തന്റെ ഗുരുവിന്റെ സാക്ഷ്യത്തോടെ, തെളിവുകളുടെ പിൻബലത്തോടെ സ്വത്വം തെളിയിക്കപ്പെട്ടപ്പോൾ ,അയാൾ തന്റെ ഭർത്താവല്ലെന്നും അയാൾ വര്ഷങ്ങള്ക്കു മുൻപ് മരിച്ചുപോയതാണെന്നും സ്ഥാപിക്കാൻ ഭാര്യ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയും കോടതിയിൽ അയാൾ ജയിക്കുകയും തന്റെ സാമ്രാജ്യം നിയമപ്രകാരം തന്നെ തിരിച്ചുപിടിക്കുകയും ചെയ്തു. അതിനു വേണ്ടിയുള്ള തെളിവുകൾ പ്രകൃതി കാത്തുവെച്ചിരുന്നു എന്ന് ഭാര്യയ്ക്കും സഹോദരനും അറിവുണ്ടായിരുന്നില്ലല്ലോ . പക്ഷെ ഇതിനെല്ലാം മുൻപ് തന്നെ ചിതയിൽ നിന്നും ചിദാകാശത്തിലേക്കുള്ള യാത്ര അയാളെ പുനർ നിർണ്ണയിച്ചു കഴിഞ്ഞിരുന്നു , "ന ഇദം മമ: എന്ന ബോധം ഉറച്ച് അപ്പോഴേക്കും അയാൾ ഒരു വൈരാഗിയുടെ ഭാവത്തിലേക്ക് വളർന്നിരുന്നു. തിരിച്ചു നേടിയതെല്ലാം ഭാര്യക്ക് തന്നെ തിരികെ കൊടുത്തു കൊണ്ട് അയാൾ വീണ്ടും പർവ്വതശിഖരങ്ങളിലേക്കു തന്നെ,ഗുരുസവിധത്തിലേക്കു തന്നെ ധ്യാനചേതനയോടെ തിരിച്ചുപോകുന്നു.


 

കഥ : അജിത് നമ്പൂതിരി

 

Copy right to :

AJITH NAMBOOTHIRI

Mobile: 9447374646

Email: ajithraga@gmail.com


No comments:

Post a Comment