Friday, December 31, 2010

കാതലാള്‍

മേഘക്കാണിയില്‍ കായാംബൂ തൂവിയതാരോ
മായക്കണ്ണാ നീയോ നിന്‍ ഗോപീവൃന്ദമോ
മോഹക്കടളിലകീ രാധയിവള്‍ നിന്‍ കാതലാള്‍
തേടുകയായ് സ്വരമധുരം രാഗവേണുവില്‍

താരത്തളിരിതളായ് തിരുമുടിയില്‍ പീലിക്കണ്ണികീ
മഞ്ഞത്തുകിലണിയില്‍ ഞൊറിയുകയായ് ഭാവതരംഗിണികള്‍
എന്‍ പരിഭവയമുനയിലലയിളകും നീ കുഴലൂതുമ്പോള്‍
കൊതിയായ് നിന്‍ പൊന്‍കഴല്‍ ചൂടും ണ്‍തരിയാവാന്‍

രാവിന്‍ മഞ്ഞണിയില്‍ പാടും രാഗമഞ്ജരികള്‍
കാവിന്‍ തിരുനടയില്‍ ആടും രാസനടനങ്ങള്‍
അറിയുന്നുണ്ടേ ഞാന്‍ നിന്‍ ഹൃദയവിലാസങ്ങള്‍
അറിയുന്നീലെ നീ കടംബായ് പൂക്കും എന്‍ ഹൃദയം മാത്രം

ഓര്‍മകള്‍ക്ക് കൈതപ്പൂമണം ! ! !

ഓര്‍മകള്‍ക്ക് വീണ്ടും കൈതപ്പൂമണം
ഒരു മുളംതണ്ടിന്റെ ഈണത്തില്‍
കുളിര്‍ന്നുലയുന്ന ഹൃദയതീരത്തെ മുളംകാടുകള്‍

ആരാണു വീണ്ടും വിളിപ്പതെന്നെ !
ആരെന്നു ചൊല്ലി കരം തന്നയ്ക്കുന്നു !
ആരു വന്നെന്നെ തുണയ്ക്കുന്നു ...

കടലെടുത്ത ഓര്‍മ്മകള്‍ വീണ്ടും ഒരു
നീലക്കടലായ് വന്നു തിരയിളക്കുമ്പോള്‍
കരുതിവെച്ചിരുന്നതെല്ലാം കടലെടുക്കുംപോലെ
ഒരു സംക്രമത്തിന്റെ സംഭ്രമങ്ങള്‍ !!!

സ്ഥലകാലം

നിനക്കറിയുമോ സഹയാത്രിക !
കൊറ്റു തേടിപ്പോകും കൊച്ചുപക്ഷിയില്‍
അമ്പു തറഞ്ഞ നൊമ്പരപ്പാടുകള്‍
വാടുന്ന പൂവുകളില്‍ , മാറുന്ന തളിരിളപ്പങ്ങളില്‍
പൊഴിയാന്‍പഴുക്കുമിലകളില്‍
ജീവന്റെ താളക്രമങ്ങളില്‍
മുഹൂര്‍ത്തനേരം തുടിക്കുന്ന
മഴവില്ലിന്‍ വര്‍ണപ്രഭാവത്തില്‍
അറിവിന്‍ അമൃതപദങ്ങളെ തേടി
സിദ്ധാര്‍ത്ഥ ! നീ മിഴി പൂട്ടവേ
അലകളില്ലാത്ത നിന്‍ മുഖം
ഒരാഴി പേറുന്നു
അല ഒടുങ്ങുന്നിടത്തു ആഴം ഏറുന്നു!

സൃഷ്ടിചക്രത്തിലെ ആദിബിന്ദുവില്‍
ആദിപ്രളയത്തില്‍ തുടിച്ചോരേകകോശം
വളര്‍ന്നതും പിളര്‍ന്നതും
പിന്നെ ഗണമൊരു പാതി ചിറകാര്‍ന്നു പറന്നതും
മറുപാതി ഇരുകാലില്‍ പിച്ച്ചവെച്ച്ചു നടന്നതും
ഓരില ഈരില വിരിഞ്ഞതും
ഉഭയജീവനായ് പരിണമിച്ച്ചതും
കാട്ടുകനികള്‍ ഭുജിച്ചു പുളച്ച്ചതും
കപിലവസ്തുവില്‍ വന്നു പിറന്നതും
ഗതകാല ജാതകം കാലം പകുത്തതും
രാഗയോഗമായ് ഉണരുന്നതറിഞ്ഞു
ബ്രഹ്മം പ്രകൃതിയായ്
ആകാശമായ് മനസ്സായ്
ഹൃദയശബ്ദത്തിലേകമെന്നറിഞ്ഞു
സിദ്ധാര്‍ത്ഥ !
സഹനങ്ങളില്‍ നിന്‍ സഹയാത്രികന്‍
ഞാന്‍!

പാതിരാപ്പൂവ്

നീള്‍മിഴിയാളേ പാതിരാപ്പൂവേ നിന്നെ കണ്ടു മനം മയങ്ങി പാടിത്തുടങ്ങിയ പാട്ടിന്റെ പല്ലവി പാതിയില്‍ നിന്നു പോയി (നീള്‍മിഴിയാളേ)

പൂവനമാകെ നിന്‍ പുഞ്ചിരിയില്‍ പൂത്തുലയുന്നുവല്ലോ മാറണിയും പനിനീര്‍ക്കുളിരോ മധു - ചന്ദ്രികയില്‍ വരവായി എന്റെ- പാല്‍ക്കുടം തുളുംബുകയായി (നീള്‍മിഴിയാളേ)

മഞ്ഞണിയും വനകാന്തിയില്‍ നിന്‍ മുഖ- ശ്രീയെന്റെ സൌഭാഗ്യമായ്‌ കുംകുമവും കുറിക്കൂട്ടുകളും നിന്നെ ദേവാന്ഗനയാക്കി ഞാനൊരു- ഗന്ധര്‍വഗായകനായി(നീള്‍മിഴിയാളേ)

വിരഹകാലം

വേര്‍പിരിയുമ്പോള്‍ മനസ്സിന്‍ തന്ത്രികള്‍
മീട്ടുവതേതൊരു രാഗം
മാറോടു ചേര്‍ക്കാന്‍ വിരഹം മാത്രം
വിരഹത്തിന്‍ വേദന മാത്രം
കിനാവലിയും നിലാമഴയില്‍
ഓര്‍മ്മകള്‍ വീണുടയുമ്പോള്‍
മേഘജാലക വാതിലിലൊരു നാള്‍
നിന്‍ മുഖമെന്തിനു വന്നു
സ്വപ്നസാഗര തീരത്തു ഞാനെഴുതും
വേര്‍പാടിന്റെ വിരല്‍പാടുകള്‍
ജന്മങ്ങള്‍ തന്നൊരാ നൊമ്പരപ്പാടുകള്‍
എന്തിനു വെറുതെ മായ്ക്കുന്നു

കാവ്യസൌഗന്ധികം

വെറുതെ ചില ചിന്തകള്‍

പുകഴ്ത്തുമ്പോള്‍ പൂത്തുലയുന്ന പാരിജാതമാണ് മനസ്സ്
പാരിജാതം
പോലെ പൂത്തുലയുന്ന മോഹമാണ് കാവ്യം