Wednesday, March 14, 2012


  • ഊഷ്മളമായ ഓര്‍മയാണ് പ്രണയം. തണുത്തുറയുന്ന ഓര്‍മയാണ് മരണം. പ്രണയത്തിനും മരണത്തിനും ഇടയില്‍ എന്തായിരുന്നു നന്ദിത !


  • "നന്ദിത" കവിതയിലേക്കുള്ള വഴിച്ചാലുകള്‍ വീണ്ടും തുറന്നു തരുന്നു, ഒരു മരണത്തിനും മായ്ക്കാനാവാത്ത വാക്കുകളുടെ അമേയപ്രവാഹം!

  1. വാക്കുകള്‍ക്ക് ഭൂമിയുടെ ഭാരം ,മനസ്സിന് പഞ്ഞിക്കെട്ടിന്റെ കനം, ചിന്തകള്‍ക്ക് അപ്പൂപ്പന്‍താടിയുടെ നിയോഗം, ജീവിതത്തിനുമപ്പുറം- ജന്മാന്തരങ്ങളിലേക്ക് നീളുന്ന കാലം, കലിയുഗ കാമനകള്‍ ! നന്ദിത! ഒരായുസ്സിന്റെ കവിത!

Tuesday, July 5, 2011

suvarnakeerthi of travncore royal family

'തൃപ്പടിദാന'വും 'പൊന്നുതമ്പുരാ'നും

courtesy to mathrubhoomi

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

1750 (ചില രേഖകളില്‍1749) ജനവരിയിലാണ് മാര്‍ത്താണ്ഡവര്‍മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്ന 'തൃപ്പടിദാനം' എന്ന ചടങ്ങ് നടത്തിയത്. രാജാവ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ സമര്‍പ്പിച്ചശേഷം തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് സമര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ ട്രസ്റ്റി അല്ലെങ്കില്‍ പ്രതിനിധി എന്ന നിലയില്‍ താനും തന്റെ അനന്തര രാജാക്കന്മാരും'ശ്രീപദ്മനാഭ ദാസന്‍'മാരായിരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ തിരുവിതാംകൂര്‍ ശ്രീപദ്മനാഭന്‍ വകയും രാജാവ് അദ്ദേഹത്തിന്റെ പ്രതിനിധിയുമായി




തിരുവിതാംകൂര്‍ രാജ്യത്തെ തന്റെ കുലദൈവമായ ശ്രീപദ്മനാഭന് സമര്‍പ്പിക്കുകയും രാജാവ് അദ്ദേഹത്തിന്റെ ദാസനായി മാറുകയും ചെയ്ത നടപടി മാര്‍ത്താണ്ഡവര്‍മയുടെ തന്ത്രശാലിത്വത്തിന് നിദര്‍ശനമാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെപ്പോലെ പ്രസിദ്ധമായിരുന്ന തിരുവട്ടാര്‍ ആദികേശക്ഷേത്രത്തില്‍വെച്ച് (ഇപ്പോള്‍ കന്യാകുമാരി ജില്ലയില്‍) തന്റെ വാള്‍ പൂജിച്ച് വാങ്ങിയശേഷമാണ് മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരുമായിട്ടുള്ള യുദ്ധത്തിന് കുളച്ചലിലേക്ക് പുറപ്പെട്ടത്. അതിന് എത്രയോ മുമ്പ് തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമിക്ഷേത്രം പുതുക്കിപ്പണിയണമെന്നും അവിടം തന്റെ പ്രധാന ആരാധനാലയമാക്കണമെന്നും മാര്‍ത്താണ്ഡവര്‍മ ഉറച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. അതിന് ഉദാഹരണമാണ് 1739 ല്‍ (കുളച്ചല്‍ യുദ്ധം നടക്കുന്നതിന് രണ്ടുവര്‍ഷംമുമ്പ്) അദ്ദേഹം കുരുമുളക് നല്കുന്നതിന് വിലയായി ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയോട് 10,000 കഴഞ്ച് സ്വര്‍ണം ആവശ്യപ്പെട്ടത്. ഇത് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ 'ഹിരണ്യഗര്‍ഭം' എന്ന ചടങ്ങ് നടത്താനായിരുന്നുവെന്ന് ഡച്ച് രേഖകള്‍ എഡിറ്റ്‌ചെയ്ത ഗാലറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കോട്ടുള്ള രാജ്യങ്ങള്‍ ഓരോന്നായി പിടിച്ചെടുത്ത് മാര്‍ത്താണ്ഡവര്‍മ പടയോട്ടം തുടരുന്നതിനിടയിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിയാനും വിഗ്രഹം പുനര്‍നിര്‍മിക്കാനും നടപടി തുടര്‍ന്നുകൊണ്ടിരുന്നു. നേപ്പാളിലെ ഗണ്ഡകീനദിയില്‍ നിന്നും കൊണ്ടുവന്ന സാളഗ്രാമങ്ങള്‍ ഉപയോഗിച്ച് കടുശര്‍ക്കരയോഗം പ്രകാരം, ശില്പി ബാലാരണ്യകൊണിദേവനെക്കൊണ്ട് ശ്രീപദ്മനാഭന്റെ പതിനെട്ട് അടിനീളമുള്ള വിഗ്രഹം നിര്‍മിച്ചു. ഈ വിഗ്രഹം ഇന്നും ഭക്തജനങ്ങള്‍ക്ക് അദ്ഭുതമാണ്. മൂന്ന് വാതിലുകളിലൂടെ മാത്രമേ ഈ വിഗ്രഹം ദര്‍ശിക്കാനാവൂ. തിരുവനന്തപുരത്തെ തിരുമലയില്‍ നിന്നു കൂറ്റന്‍ പാറ വെട്ടിക്കൊണ്ടുവന്ന് ഒറ്റക്കല്‍ മണ്ഡപം പണിതു.

കൊടിമരത്തിനുള്ള തേക്കുമരം കൊണ്ടുവന്നത് കാക്കച്ചല്‍മലയില്‍ (ഇപ്പോള്‍ തമിഴ്‌നാട്ടില്‍) നിന്നാണ്. കരിങ്കല്ലുകൊണ്ട് ക്ഷേത്രത്തിലെ ശീവേലിപ്പുര നിര്‍മിക്കാന്‍ 4000 കല്‍പ്പണിക്കാരും 6,000 കൂലിക്കാരും നൂറ് ആനകളും ഉണ്ടായിരുന്നതായി രേഖകളില്‍ നിന്ന് തെളിയുന്നു.
ക്ഷേത്രത്തിന് ചുറ്റും കോട്ടകെട്ടാനും ഗോപുര നിര്‍മാണത്തിനും നടപടി സ്വീകരിച്ചു. 1750 (ചില രേഖകളില്‍1749) ജനവരിയിലാണ് മാര്‍ത്താണ്ഡവര്‍മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്ന 'തൃപ്പടിദാനം' എന്ന ചടങ്ങ് നടത്തിയത്. രാജാവ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ സമര്‍പ്പിച്ചശേഷം തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് സമര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ ട്രസ്റ്റി അല്ലെങ്കില്‍ പ്രതിനിധി എന്ന നിലയില്‍ താനും തന്റെ അനന്തര രാജാക്കന്മാരും 'ശ്രീപദ്മനാഭ ദാസന്‍'മാരായിരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെ തിരുവിതാംകൂര്‍ ശ്രീപദ്മനാഭന്‍ വകയും രാജാവ് അദ്ദേഹത്തിന്റെ പ്രതിനിധിയുമായി. പിന്നീട് മാര്‍ത്താ ണ്ഡ വര്‍മമാരില്‍ അവസാനത്തെ ഭരണാധികാരി ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് വരെ ഭരണം നടത്തിയത് ശ്രീപദ്മനാഭനെ മുന്‍നിര്‍ത്തിയാണ്. സ്വാതന്ത്ര്യത്തിനുശേഷം തിരുവിതാംകൂറും കൊച്ചിയും ലയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ആകെ നിസ്സഹായനായി. തന്റെ പൂര്‍വികനായ മാര്‍ത്താണ്ഡവര്‍മ, ശ്രീപദ്മനാഭന് സമര്‍പ്പിച്ച രാജ്യം താന്‍ എങ്ങനെയാണ് കൊച്ചിയുമായി ലയിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേഹം. മഹാരാജാവിന് ശ്രീപദ്മനാഭനോടുള്ള ഭക്തിയും പൂര്‍വിക രാജാക്കന്മാരോടുള്ള പ്രതിപത്തിയും മനസ്സിലാക്കിയ ഇന്ത്യാസര്‍ക്കാര്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. ലയനത്തിനു വിളംബരം തയ്യാറാക്കാനും ചടങ്ങുകള്‍ നടക്കുന്നസമയത്ത് തിരുവിതാംകൂര്‍ ചീഫ് ജസ്റ്റിസിനെക്കൊണ്ട് വായിപ്പിക്കാനുമായിരുന്നു നിര്‍ദേശം. അത് മഹാരാജാവ് സ്വീകരിച്ചു.


ഹിരണ്യഗര്‍ഭവും കിരീടധാരണവും



ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഹിരണ്യഗര്‍ഭം തുലാപുരുഷദാനം, മുറജപം, ലക്ഷദീപം തുടങ്ങിയ നിരവധി ചടങ്ങുകള്‍ ഏര്‍പ്പെടുത്തി ഇന്ത്യ ഒട്ടാകെയുള്ള വിഷ്ണുഭക്തരെ ഇവിടേക്ക് വന്‍തോതില്‍ ആകര്‍ഷിച്ചതും മാര്‍ത്താണ്ഡവര്‍മയാണ് . ഇതില്‍ 'ഹിരണ്യ ഗര്‍ഭം' എന്ന ചടങ്ങ് കിരീടധാരണത്തോടനുബന്ധിച്ചാണ് നടത്തിയിരുന്നത്. തുലപുരുഷദാനം എന്നത് ഒരു ത്രാസിന്റെ ഒരറ്റം രാജാവും മറുഭാഗത്ത് അത്രയും തൂക്കം സ്വര്‍ണവും തൂക്കി അതു നാണയങ്ങളാക്കി ബ്രാഹ്മണര്‍ക്കും മറ്റു പുരോഹിതര്‍ക്കും സംഭാവന ചെയ്യുന്ന ചടങ്ങായിരുന്നു. ഈ നാണയങ്ങളുടെ ഒരു ഭാഗത്ത് 'ശ്രീപദ്മനാഭ' എന്ന് ആലേഖനം ചെയ്തിരുന്നു. 'ഹിരണ്യഗര്‍ഭം' എന്ന വാക്കിന് 'സ്വര്‍ണഗര്‍ഭം' എന്നാണര്‍ഥം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള അടപ്പുള്ള ഒരു സ്വര്‍ണപ്പാത്രം നിര്‍മിക്കുന്നു. ഇതില്‍ പാല്, വെള്ളം കലര്‍ത്തിയ നെയ്യ് തുടങ്ങിയ പഞ്ചഗവ്യങ്ങള്‍ പകുതി ഭാഗത്ത് നിറയ്ക്കും. ഇതിനുമുമ്പ് പുരോഹിതന്മാര്‍ വേദ വിധിപ്രകാരമുള്ള സ്‌തോത്രപാരായണം നടത്തും. പൂജാകര്‍മങ്ങള്‍ക്കുശേഷം രാജാവ് ഏണിയിലൂടെ പാത്രത്തിലിറങ്ങുന്നു. അപ്പോള്‍ പുരോഹിതന്മാര്‍ അതിന്റെ മുകള്‍ഭാഗം അടയ്ക്കുന്നു. പത്ത് മിനിറ്റിനുശേഷം മഹാരാജാവ് പാത്രത്തില്‍നിന്നു പുറത്തുവരും. അദ്ദേഹം നേരേ പുരോഹിതന്മാരുടെ അകമ്പടിയോടെ ശ്രീപദ്മനാഭന്റെ മുമ്പിലെത്തി സാഷ്ടാംഗപ്രണാമം നടത്തും. അപ്പോള്‍ പുരോഹിതന്മാര്‍ കുലശേഖരപെരുമാള്‍ കിരീടം മഹാരാജാവിന്റെ തലയില്‍ ചാര്‍ത്തുന്നു. ഇതോടെയാണ് മഹാരാജാവ് 'പൊന്നുതമ്പുരാന്‍' ആകുന്നത്. കിരീടധാരണദിവസം മാത്രമേ രാജാവ് കിരീടം വെക്കൂ. കാരണം രാജ്യം ശ്രീപദ്മനാഭനായതിനാല്‍ രാജാവ് കിരീടം വെക്കാറില്ല. ചടങ്ങുകള്‍ക്കുശേഷം സ്വര്‍ണപ്പാത്രം നാണയങ്ങളാക്കി പുരോഹിതന്മാര്‍ക്ക് നല്‍കുകയായിരുന്നു പതിവ്. വളരെയധികം പണച്ചെലവുള്ള ഹിരണ്യഗര്‍ഭം മാര്‍ത്താണ്ഡവര്‍മ മുതല്‍ ശ്രീമൂലം തിരുനാള്‍ വരെയുള്ള മഹാരാജാക്കന്മാര്‍ നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ പണച്ചെലവ് കണക്കിലെടുത്ത് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ ഈ ചടങ്ങ് ഉപേക്ഷിച്ചു.


ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോഴും തുടരുന്ന ചടങ്ങാണ് മുറജപവും ലക്ഷദീപവും. മുറജപത്തിന് മുറയ്ക്കുള്ള ജപം എന്നാണ് അര്‍ഥം. ആറ് വര്‍ഷത്തിലൊരിക്കലാണ് മുറജപം നടത്താറുള്ളത്. രാജഭരണകാലത്ത് ഇത് തിരുവിതാംകൂറിന്റെ സംസ്ഥാന ചടങ്ങായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വൈദികര്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തുമായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തുടങ്ങിയ ഈ ചടങ്ങിന് ലക്ഷക്കണക്കിന് തുക ചെലവാക്കുന്നത് പില്‍ക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാറിന് അലോസരം സൃഷ്ടിച്ചിട്ടുണ്ട്. കപ്പം നല്‍കാതെ, ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതായി അവര്‍ ഈ ചടങ്ങിനെ കണ്ടു. എന്നാല്‍ ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി പരമാവധി ചടങ്ങുകള്‍ വിജയിപ്പിക്കാന്‍ മഹാരാജാക്കന്മാര്‍ ശ്രമിച്ചിട്ടുണ്ട്. 56 ദിവസമാണ് മുറജപം നടക്കുന്നത്. എട്ട് ദിവസം കൊണ്ട് ഒരു മുറ എന്ന കണക്കിന് 56 ദിവസത്തില്‍ വേദം ഏഴു മുറജപിക്കും. വൈദികര്‍ മാത്രമല്ല, അന്യദേശങ്ങളിലെ രാജാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമായിരുന്നു. മുറജപം സമാപിക്കുന്നത് ലക്ഷം വിളക്കുകള്‍ കത്തിച്ചായിരുന്നു.


ചടങ്ങുകള്‍



മാര്‍ത്താണ്ഡവര്‍മയുടെ കാലത്തുള്ള പല ചടങ്ങുകളും ഇന്നും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തുടരുന്നു. അല്പശ്ശി, പൈങ്കുനി എന്നീ ഉത്സവങ്ങള്‍ അന്നും ഇന്നും പ്രധാനമാണ്. ഈ ഉത്സവത്തോടനുബന്ധിച്ച് ആറാട്ടുദിവസം ഉടവാള്‍ ഏന്തി നഗ്‌നപാദനായി മഹാരാജാവ് കടപ്പുറത്തേക്ക് എഴുന്നള്ളുന്ന ചടങ്ങ് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് മരണം വരെ തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുജന്‍, ബ്രിട്ടീഷ് ഭരണകാലത്ത് ഇളയരാജാവ് ആയി അംഗീകരിച്ചിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ചടങ്ങുകള്‍ നടത്തുന്നത്. മഹാരാജാവ് പങ്കെടുക്കാറുണ്ടായിരുന്ന ശാസ്തമംഗലം എഴുന്നള്ളത്ത് ഇപ്പോള്‍ നിന്നുപോയി. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും നവരാത്രി വിഗ്രഹഘോഷയാത്രയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുമ്പില്‍ രാജാവ് അവയെ സ്വീകരിക്കുന്നതും പുതുവായ്പ് ചടങ്ങുമെല്ലാം ഇന്നും തുടരുന്നു. രാജകുടുംബത്തിലെ കാരണവരും ഇപ്പോഴത്തെ ശ്രീപദ്മനാഭ ദാസനുമായ ഉത്രാടം തിരുനാളും രാജകുടുംബാംഗങ്ങളും നിത്യവും ക്ഷേത്രത്തിലെത്തി ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്.


നിധിശേഖരത്തിന്റെ വഴികള്‍



ക്ഷേത്രത്തില്‍ പതിന്നാലാം നൂറ്റാണ്ടുമുതല്‍ വന്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളില്‍ നിന്നു വ്യക്തമാണ്. കാലാകാലങ്ങളില്‍ പിഴയായും സംഭാവനയായും ധാരാളം ആഭരണങ്ങളും ആനകളും വസ്തുവകകളും ക്ഷേത്രത്തിന് കിട്ടിയിട്ടുണ്ട്. ഇതുകൂടാതെ മാര്‍ത്താണ്ഡവര്‍മ കൊച്ചിയുടെ അതിര്‍ത്തിവരെയുള്ള രാജ്യങ്ങള്‍ കീഴടക്കിയപ്പോള്‍ അവിടത്തെ സ്വത്തുക്കള്‍ അദ്ദേഹം ശ്രീപദ്മനാഭസ്വാമിക്കാണ് സമര്‍പ്പിച്ചത്. അന്ന് ഡച്ചുകാരും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്ന ചെമ്പകശ്ശേരി തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ സമ്പത്ത് ഉണ്ടായിരുന്നു. കച്ചവടത്തിനുള്ള കരാര്‍ ഉണ്ടാക്കാനും മറ്റും വിദേശികള്‍ സ്വര്‍ണാഭരണങ്ങളും മറ്റും സംഭാവന ചെയ്തിട്ടുള്ളതും മാര്‍ത്താണ്ഡവര്‍മ ശ്രീപദ്മനാഭന് സമര്‍പ്പിച്ചിരിക്കാം.


മാര്‍ത്താണ്ഡവര്‍മയ്ക്കുശേഷം കാര്‍ത്തികതിരുനാള്‍ (ധര്‍മരാജാവ്) ഭരിക്കുന്ന സമയത്താണ് ടിപ്പുസുല്‍ത്താന്റെ ആക്രമണം മലബാറിലുണ്ടായത്. ടിപ്പു തിരുവിതാംകൂര്‍ ആക്രമണത്തിന് പുറപ്പെട്ടപ്പോള്‍, ധര്‍മരാജ മുന്‍കരുതല്‍ എന്ന നിലയില്‍ ട്രഷറിയില്‍ ഉണ്ടായിരുന്നവ ഉള്‍പ്പെടെയുള്ള വിലപിടിച്ച ആഭരണങ്ങളും മറ്റ് വസ്തുക്കളും ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ചിരിക്കാനും സാധ്യത ഉണ്ട്.

മറ്റൊരു അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. വേലുത്തമ്പിയുടെ കലാപത്തിനുശേഷം അധികാരത്തില്‍ വന്നത് ഗൗരീലക്ഷ്മീബായിയാണ്. കേണല്‍ മണ്‍റോ ആയിരുന്നു അന്നത്തെ റസിഡന്റ്. മണ്‍റോയ്ക്ക് ദിവാന്റെ അധികാരം കൂടി റാണി ഗൗരീലക്ഷ്മീബായ് നല്കി. അഴിമതിയും അരാജകത്വവും നിറഞ്ഞ ഭരണസംവിധാനം നേരെ ആക്കാന്‍ തന്ത്രശാലിയായ മണ്‍റോ പല നടപടികളും സ്വീകരിച്ചു. അതിലൊന്ന് ക്ഷേത്രപരിഷ്‌കരണമായിരുന്നു. ക്ഷേത്രങ്ങള്‍ക്ക് വന്‍ സ്വര്‍ണശേഖരവും സ്വത്തും ഉണ്ടെങ്കിലും പൂജാദികര്‍മങ്ങള്‍ നടക്കുന്നില്ലെന്ന് പരാതികിട്ടിക്കൊണ്ടിരുന്നു. ഇതിനുവേണ്ടി ആലോചിക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ച് അവരുടെ അഭിപ്രായപ്രകാരം ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ നേരിട്ടു നല്‍കാന്‍ മണ്‍റോ തീരുമാനിച്ചു. പകരം അവിടത്തെ സ്വത്തുക്കളും മിച്ചംവരുന്ന സ്വര്‍ണാഭരണങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ ആഭരണങ്ങള്‍ വിറ്റ് ഇംഗ്ലീഷ് സര്‍ക്കാറിന് തിരുവിതാംകൂര്‍ നല്കാനുള്ള കപ്പത്തുക അടയ്ക്കുകയായിരുന്നു മണ്‍റോയുടെ ഉദ്ദേശ്യം. എന്നാല്‍ ഗൗരീലക്ഷ്മീബായി ഈ ആഭരണങ്ങള്‍ ശ്രീപദ്മനാഭന്റെ ഫണ്ടില്‍ നിന്നും വിലയ്ക്കുവാങ്ങി അവിടെ സമര്‍പ്പിച്ചുവെന്ന് പറയുന്നു. ഇതും ചരിത്രകാരന്മാര്‍ പരിശോധിച്ച് തീര്‍ച്ചപ്പെടുത്തേണ്ടകാര്യമാണ്. സംഗതി എന്തായാലും വലിയ പ്രതിസന്ധികള്‍ ഉണ്ടായിട്ടുപോലും ശ്രീപദ്മനാഭന്റെ നിധിശേഖരം തൊടാന്‍ ഒരു രാജാവും തയ്യാറായില്ലെന്നത് അവരുടെ ഭക്തിയുടെ മഹത്ത്വമാണെന്ന കാര്യത്തി
ല്‍ സംശയം ഇല്ല.

Wednesday, June 15, 2011

an artcle by me published in mathrubhoomi


കല്പാത്തി 2009


നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്പര്‍ശം

Published in kalpathi rathotsava suppliment of mathrubhoomi 2009

അജിത് നമ്പൂതിരി
താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍ സംഗീതത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ദേശ - ഭാഷകള്‍ക്കപ്പുറം ഏതൊരു ഹൃദയത്തെയും കീഴടക്കുന്ന ചില സൗന്ദര്യാംശങ്ങള്‍ ഇത്തരം സംഗീത രൂപങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ നാടന്‍സംഗീതം നമ്മുടെ പ്രാണന്റെ ഭാഗമായിത്തീരുന്നത്.


'ശാസ്ത്രീയ സംഗീതം' എന്ന് വിളിച്ചുപോരുന്ന സങ്കീര്‍ണ്ണമായ ഭാരതീയ സനാതന സംഗീതം (Indian Classical Music) ഉരുത്തിരിഞ്ഞുവരും മുമ്പ് നിലവിലിരുന്നതും ഇപ്പോഴും പ്രചാരത്തിലുള്ളതുമായ അശാസ്ത്രീയമായ അല്ലെങ്കില്‍ അസംസ്‌കൃതമായ സംഗീത രൂപങ്ങളെയാണ് പൊതുവെ നാടന്‍സംഗീതം(Folk Music), ഗോത്രസംഗീതം (Tribal Music) എന്നെല്ലാം പറയുന്നത്. ഭാരതീയ സനാതന സംഗീത(Indian Classical Music)ത്തിന്റെ വളര്‍ച്ചയില്‍ ജനപദ സംഗീത രൂപങ്ങളായ ഇത്തരം വിഭിന്ന സംഗീത സ്രോതസ്സുകള്‍ വഹിച്ചിട്ടുള്ള പങ്ക് വിസ്മരിക്കാനാവില്ല.

സാധാരണ ജനങ്ങള്‍ എന്ന് വ്യവഹരിക്കപ്പെടുന്ന ജനസാമാന്യത്തിന്റെ ജീവിതസാഹചര്യങ്ങളോട് ചേര്‍ന്നും അനുഷ്ഠാനങ്ങളോട് ബന്ധപ്പെട്ടും ആനന്ദോപാധിയായും രൂപീകരിക്കപ്പെടുന്ന അനുഷ്ഠാന - നാടന്‍ സംഗീതാവതരണങ്ങള്‍ പില്‍ക്കാലത്തുണ്ടായ സംഗീതശാസ്ത്ര ലക്ഷണകാരന്മാരുടെ വ്യവസ്ഥകളും നിയമങ്ങളും അനുസരിക്കണമെന്നില്ല. സാധാരണ ജനങ്ങളുടെ നിത്യജീവിതത്തോട് നിരന്തരബന്ധം പുലര്‍ത്തുന്ന നാടോടി സംഗീതത്തിന് സനാതനസംഗീത (Classical Music)ത്തില്‍ നിന്നും വ്യത്യസ്തമായ ചില സാമൂഹിക ധര്‍മ്മങ്ങളുണ്ട്.

താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍ സംഗീതത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ദേശ - ഭാഷകള്‍ക്കപ്പുറം ഏതൊരു ഹൃദയത്തെയും കീഴടക്കുന്ന ചില സൗന്ദര്യാംശങ്ങള്‍ ഇത്തരം സംഗീത രൂപങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ നാടന്‍സംഗീതം നമ്മുടെ പ്രാണന്റെ ഭാഗമായിത്തീരുന്നത്.

ഏത് തരത്തില്‍ നോക്കിയാലും സംസ്‌കൃതവും സമ്പന്നവും ലക്ഷണയുക്തവുമാണ് സനാതന സംഗീതം അഥവാ ശാസ്ത്രീയ സംഗീതം. എല്ലാ രീതിയിലും നാടോടി സംഗീതത്തേക്കാള്‍ പൂര്‍ണത നേടിയ സംഗീത പദ്ധതിയെ സര്‍വ്വരാലും പ്രകീര്‍ത്തിക്കപ്പെടുന്ന ലോകത്തെ ഏത് രാജ്യത്തിന്റെ സനാതന സംഗീത പദ്ധതികളിലും പക്ഷെ നാടോടി സംഗീതത്തിന്റെ മനോഹരമായ മേമ്പൊടികള്‍ അനുഭവിച്ചറിയാം.

ഭാരതീയ സനാതന സംഗീത ശാസ്ത്രം 'സംഗീതം' എന്ന പദം കൊണ്ടര്‍ഥമാക്കുന്ന തരത്തിലുള്ള സങ്കല്പ പൂര്‍ണതയിലേക്ക് വന്നെത്തിയത് നൂറ്റാണ്ടുകളിലൂടെയുള്ള അറിഞ്ഞും അറിയാതെയുമുള്ള അന്വേഷണങ്ങളിലൂടെയും തപസ്യയിലൂടെയുമാണ്. വേദങ്ങള്‍ക്ക് മുമ്പും ഇവിടെ പല ആലാപന രീതികളും ഈണങ്ങളും താളമേളങ്ങളും നിലനിന്നിരുന്നു. പക്ഷെ 'ശാസ്ത്രീയ സംഗീതം' എന്ന് വിളിക്കപ്പെടുന്ന ഭാരതീയ സനാതന സംഗീതത്തിന്റെ ഏറ്റവും പ്രകാശാത്മകമായ വികാസം വേദകാലം തൊട്ടാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റ് വേദങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് സാമവേദത്തിലെ ശ്ലോകങ്ങള്‍ ആലപിക്കപ്പെട്ടത്. അതായത് സുവ്യക്തമായ സ്വരവ്യതിയാനങ്ങളോടെ ഈണത്തില്‍. അതുകൊണ്ടുതന്നെ 'സാമഗാനം' എന്നാണ് ഈ രീതിയെ വിളിച്ചുവന്നത്.

വ്യക്തമായ ഈ സ്വരവ്യതിയാനങ്ങളില്‍ നിന്ന് വികാസം പ്രാപിച്ച ഏഴ് സ്വരങ്ങളാണ് (സ,രി,ഗ,മ,പ,ധ,നി എന്നീ സപ്തസ്വരങ്ങള്‍). ഭാരതീയ ശാസ്ത്രീയ സംഗീത പദ്ധതിയ്ക്ക് അടിത്തറ പാകിയെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അങ്ങനെ വികാസം പ്രാപിച്ച ഭാരതീയ ശാസ്ത്രീയ സംഗീതത്തെ 'സംഗീതം' എന്ന പേരിലാണ് പുരാതന പ്രസിദ്ധമായ സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാം തന്നെ പരാമര്‍ശിച്ചുകാണുന്നത്. പിന്നീട് വിദേശീയരുടെ ആഗമനത്തോടെയാണ് ഉത്തരഭാരതത്തില്‍ പ്രചരിക്കുന്ന സംഗീതത്തെ 'ഹിന്ദുസ്ഥാനി സംഗീതം' എന്നും ദക്ഷിണ ഭാരതത്തില്‍ പ്രചരിക്കുന്ന സംഗീതത്തെ 'കര്‍ണാടക സംഗീതം' എന്നും വിളിച്ചു തുടങ്ങിയത്. അതിന് മുമ്പുള്ള സംഗീത ശാസ്ത്രഗ്രന്ഥങ്ങളിലൊന്നും ഈ വേര്‍തിരിവ് കാണാന്‍ കഴിയില്ല.

ഈ വിഭജനം നടക്കുന്ന കാലത്തിനും മുമ്പ് തന്നെ പക്ഷെ സംഗീതത്തെ 'മാര്‍ഗസംഗീതം' എന്നും പ്രാദേശികമായി പ്രചാരത്തിലുള്ള സംഗീതത്തെ 'ദേശിസംഗീതം' എന്നും വിളിച്ചിരുന്നു. പക്ഷേ ഇക്കാലത്ത് ഈ വിഭജനരീതി നിലവിലില്ല. മാര്‍ഗസംഗീതത്തില്‍ ഉപയോഗിച്ചിരുന്ന രാഗങ്ങളെ 'മാര്‍ഗരാഗങ്ങള്‍' എന്നും ദേശിസംഗീതത്തില്‍ ഉപയോഗിച്ചിരുന്ന രാഗങ്ങളെ 'ദേശി രാഗങ്ങള്‍' എന്നും വിളിച്ചിരുന്നു അക്കാലത്ത്. 'ദേശിരാഗങ്ങള്‍' അല്ലെങ്കില്‍ 'ദേശ്യരാഗങ്ങള്‍' എന്നറിയപ്പെട്ട മിക്ക രാഗങ്ങളും തദ്ദേശീയമായ നാടോടി സംഗീതത്തില്‍ നിന്നും സ്വീകരിക്കപ്പെട്ടവയായിരുന്നു. അതുകൊണ്ടുതന്നെ കര്‍ണാടകത്തില്‍ ഇന്നു നാം കേള്‍ക്കുന്ന സൗരാനഷ്ര്ടം, പുന്നാഗവരാളി, മുഖാരി, സാവേരി, തോടി തുടങ്ങിയ പല രാഗങ്ങളും പ്രാചീനമാണെന്നു മാത്രമല്ല നാടോടിസംഗീതവുമായി അത്രമേല്‍ ബന്ധമുള്ളവയുമാണ്. ആനന്ദഭൈരവി, ഭൈരവി, മാഞ്ചി, കുറിഞ്ചി, സുരുട്ടി തുടങ്ങിയ മനോഹര രാഗങ്ങള്‍ പലതും ഇത്തരം നാടോടി-ജനിതക-ബന്ധമുള്ളവയാണ്. ഇത്തരം രാഗങ്ങള്‍ക്കെല്ലാം തന്നെ പല ആധുനിക രാഗങ്ങളെക്കാളും സവിശേഷ വ്യക്തിത്വവും സൗന്ദര്യവുമുണ്ടെന്ന് സംഗീതശാസ്ത്ര പണ്ഡിതന്മാര്‍ പോലും തലകുലുക്കി സമ്മതിക്കുന്നുമുണ്ട്.

ശാസ്ത്രീയ സംഗീതം അല്ലെങ്കില്‍ ഭാരതീയ സനാതന സംഗീതം എന്ന മഹാസാഗരത്തിലേയ്ക്ക് ഒഴുകിയെത്തുന്ന, നാടോടി സംഗീതത്തിലെ ചെറുനദികളെപ്പോലെയുള്ള ഇത്തരം രാഗങ്ങളെയും താളങ്ങളെയും സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ സംഗീതത്തിന് ഇത്രമേല്‍ സൗന്ദര്യപൂര്‍ണതയുണ്ടാവുമോയെന്നുതന്നെ സംശയമാണ്. പക്ഷേ, നാടോടി സംഗീതമടക്കമുള്ള പ്രാദേശിക സംഗീതത്തെ ശാസ്ത്രീയസംഗീതലോകം പില്‍ക്കാലത്ത് വേണ്ടതുപോലെ പരിഗണിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഉദാഹരണമായി പറയുമ്പോള്‍ ഇന്ന് പ്രാധാന്യത്തോടെ കര്‍ണാടകസംഗീതക്കച്ചേരികളില്‍ ആലപിക്കപ്പെടുന്ന തമിഴ്കീര്‍ത്തനങ്ങളുടെ കാര്യമാണ് ആദ്യം പറയേണ്ടത്.

ത്യാഗരാജസ്വാമികള്‍ ജീവിച്ചതത്രയും തമിഴ്‌നാട്ടിലായിരുന്നുവെങ്കിലും ഒരു കൃതിപോലും തമിഴ്ഭാഷയില്‍ രചിച്ചതായി നമുക്കറിയാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം മാതൃഭാഷയായ തെലുങ്കിലാണ് അദ്ദേഹം കൃതികള്‍ പ്രധാനമായും രചിച്ചത്. ദീപ്തമായ ത്യാഗരാജയുഗത്തിനുശേഷം കര്‍ണാടകസംഗീതമെന്നറിയപ്പെടുന്ന ദക്ഷിണഭാരതീയ സംഗീതത്തിന്റെ ഭാഷ തെലുങ്കാണെന്ന് ചിലരെങ്കിലും വിശ്വസിക്കുകയും (സംസ്‌കൃതം വരേണ്യമായതുകൊണ്ട് അതു പണ്ടുതൊട്ടേ 'സനാതനം' അല്ലെങ്കില്‍ ക്ലാസിക്കല്‍ ആയി അംഗീകരിക്കപ്പെട്ടിരുന്നു) കച്ചേരികളില്‍ തെലുങ്കുഭാഷയിലുള്ള കൃതികള്‍ക്ക് മുഖ്യസ്ഥാനം കൈവരികയും ചെയ്തു. കര്‍ണാടകസംഗീതത്തിന്റെ ഭാഷതന്നെ സംസ്‌കൃതവും തെലുഗുമാണെന്ന ഒരു ചിന്താഗതി ഭൂരിപക്ഷം പേരിലും രൂഢമൂലമായിരുന്നു. ഒരു കാലത്ത് ത്യാഗരാജസ്വാമികള്‍ക്കുപോലും വഴികാട്ടിയായിരുന്നു പുരന്ദരദാസരുടെ കന്നഡഭാഷയിലുള്ള രചനകള്‍പോലും പലപ്പോഴും കച്ചേരിയുടെ അവസാനഭാഗത്ത് 'തുക്കടാ' വിഭാഗത്തിലായിരുന്നു ആലപിക്കപ്പെട്ടിരുന്നത്.ഇന്നും പുരന്ദരദാസരുടെ രചനകള്‍ക്ക് കച്ചേരികളില്‍ അത്രയൊന്നും പ്രാധാന്യം നല്കിക്കേള്‍ക്കാറില്ല. തെലുഗുഭാഷയൊഴിച്ചുള്ള പ്രാദേശിക ഭാഷകളെ അറിഞ്ഞും അറിയാതെയും കര്‍ണാടക സംഗീതക്കച്ചേരികളില്‍ അവഗണിച്ചുപോന്നിരുന്നു, തമിഴിനെയടക്കം. മലയാളരചനകള്‍ക്ക് ഒരു സ്ഥാനവും അക്കാലത്തില്ലായിരുന്നു, (സ്വാതിതിരുനാള്‍ മഹാരാജാവിന്റെ മലയാളരചനകള്‍ ഇത്രയെങ്കിലും ആലപിക്കപ്പെടുന്നത് പിന്നെയും കുറേക്കാലത്തിനുശേഷമാണ്).

പ്രാചീന തമിഴ്‌സംഗീതം അന്നത്തെയും എന്നത്തെയും നിലയില്‍ വികാസം പ്രാപിച്ചിരുന്നുവെങ്കില്‍ പോലും തമിഴ്‌സംഗീതരചനകള്‍ കച്ചേരികളില്‍ പാടുന്നത് കുറച്ചിലായി കണ്ട സംഗീതജ്ഞരുണ്ടായിരുന്നുവത്രെ. രാഗതാളബദ്ധമായ തേവാരം, തിരുപ്പുകഴ്, തിരുപ്പാവൈ തുടങ്ങി പലതരം ഗാനരൂപങ്ങളും സംഗീതരൂപങ്ങളും തമിഴ്‌സംഗീതത്തില്‍ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം കച്ചേരികളുടെ മുഖ്യധാരയിലേയ്ക്കു കടന്നുവന്നിരുന്നില്ല. തമിഴ്‌നാട്ടുകാരായ വാഗ്ഗേയകാരന്മാര്‍പോലും തെലുഗുഭാഷയില്‍ കൃതികള്‍ രചിച്ചുകാണുന്നത് തെലുഗില്‍ രചിച്ചാല്‍ മാത്രമേ അംഗീകാരം കിട്ടുകയുള്ളൂ എന്നു കരുതിയാവാം. പിന്നീട് ഗോപാലകൃഷ്ണഭാരതിയുടെയും മറ്റും കൃതികള്‍ ആലപിക്കാന്‍ തുടങ്ങിയതോടെ തമിഴന്റെ ഭാഷാസ്നേഹവും ദേശസ്നേഹവും കൊണ്ട് മെല്ലെയാണെങ്കിലും കര്‍ണാടകസംഗീതക്കച്ചേരികളില്‍ തമിഴ്ഭാഷയിലുള്ള കൃതികള്‍ക്ക് മാന്യസ്ഥാനം ലഭിച്ചുതുടങ്ങി. പില്‍ക്കാലത്ത് 'തമിഴ്ത്യാഗയ്യ' എന്നു വിളിക്കപ്പെട്ട പാപനാശം ശിവന്റെ യുഗം പിറന്നതോടെ മനോഹരമായ പാപനാശം ശിവന്‍ കൃതികളും പ്രധാന്യത്തോടെ കച്ചേരികളില്‍ ഉള്‍പ്പെടുത്തപ്പെട്ടു.

സംഗീത കേരളം
മലയാളഭാഷയിലുള്ള സംഗീതവും കേരളീയ സംഗീതവും ഇന്നത്തെ മുഖ്യമായ ദക്ഷിണഭാരതീയ സനാതന സംഗീതാവതരണരീതിയായ 'കര്‍ണാടകസംഗീതക്കച്ചേരി'കളില്‍ വേണ്ട പ്രധാന്യം നല്കാതെ അവഗണിക്കപ്പെട്ടുതന്നെ കിടന്നു.

ശ്രീസ്വാതിതിരുനാള്‍ സംഗീതഅക്കാദമി തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ടതിനുശേഷം ശെമ്മങ്കുടി ശ്രീനിവാസയ്യര്‍, പാലക്കാട് കെ.വി.നാരായണസ്വാമിഅയ്യര്‍ തുടങ്ങിയ ചില ഗായകരും അവരുടെ ചില ശിഷ്യഗണങ്ങളും അവരുടെ പരമ്പരയിലെ ചിലരും സ്വാതിതിരുനാള്‍ മഹാരാജാവിന്റെ മലയാള പദങ്ങളും ഉത്സവപ്രബന്ധങ്ങളും പാടിയിരുന്നു എന്നതൊഴിച്ചാല്‍ കച്ചേരികളില്‍ മലയാളഭാഷയിലുള്ള സംഗീതരചനകള്‍ക്കോ കേരളീയ സംഗീതത്തിനോ വലിയ പരിഗണന ഇന്നും വേണ്ടത്രയില്ലെന്നുവേണം പറയാന്‍.

തമിഴനാണെങ്കില്‍ അവന്റെ നാടിനോടും ഭാഷയോടും സംസ്‌കാരത്തോടുമുള്ള കൂറുകൊണ്ട് തമിഴ്‌നാടന്‍ സംഗീതത്തില്‍നിന്നുപോലും (രാഗബദ്ധമല്ലെങ്കില്‍പോലും) കാവടിച്ചിന്തുപോലുള്ള അനേകം ഗാനരൂപങ്ങളെ കച്ചേരികളുടെ അവസാനഭാഗത്തെങ്കിലും പാടി പ്രചരിപ്പിച്ചു. പക്ഷേ, മലയാളിക്ക് ഇന്നും കച്ചേരികളില്‍ മലയാള ഭാഷയിലുള്ള കൃതികളോ കേരളീയ സംഗീതരീതിയിലുള്ള കഥകളിപ്പദമോ ഭക്തിഗാനമോ രാഗബദ്ധമായി ഒരു ചലച്ചിത്രഗാനമോ പാടാന്‍ ലജ്ജയാണ്, ഭയമാണ്. (കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് മദ്രാസ് മ്യൂസിക് അക്കാദമിയിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ തമിഴ് ചലച്ചിത്രങ്ങളില്‍ നിന്നുള്ള രാഗതാളബദ്ധമായ ഗാനങ്ങള്‍ പ്രശസ്ത ഗായകനായ ശ്രീ. വിജയശിവ പാടിക്കേട്ടത് ഒരിക്കലും മറക്കാന്‍കഴിയില്ല) കൊച്ചിയില്‍ നടന്ന ഒരു കച്ചേരിയില്‍ ശ്രീമതി. അരുണാസായിറാം ദ്വിജാവന്തി രാഗത്തിലുള്ള 'ഒരു നേരമെങ്കിലും' എന്ന ഭക്തിഗാനം ആലപിച്ചതുകേട്ടപ്പോള്‍ മലയാളിയായ എനിക്ക് ലജ്ജതോന്നിയിരുന്നു. ഇതിനും ഒരു തമിഴ്‌നാട്ടുകാരി വേണ്ടിവന്നല്ലോ എന്നാലോചിച്ച്. രാഗതാള സുബദ്ധമായ ഇത്തരം ഭക്തിഗാനങ്ങള്‍പോലും കച്ചേരികളില്‍ ഉള്‍പ്പെടുത്തിയാല്‍ കുറച്ചിലാവില്ല എന്ന് നമുക്ക് കാണിച്ചുതരാന്‍ ഒരു തമിഴ്‌നാട്ടുകാരി വേണ്ടിവന്നു എന്നത് നാം മലയാളികള്‍ക്ക് ഒരു കുറച്ചില്‍ തന്നെയാണ് - തീര്‍ച്ചയായും.

കേരളത്തിന് ബൃഹത്തായ, പ്രാചീനമായ സംഗീത ചരിത്രമുണ്ടെന്നും അത് കര്‍ണാടക സംഗീതം എന്ന പേരുവരും മുമ്പുതന്നെ നിലവിലുണ്ടായിരുന്ന സുഭദ്രമായ ഒരു സംഗീത പദ്ധതിയായിരുന്നുവെന്നുമറിയുന്നവര്‍ എത്രപേരുണ്ടാവും? കേരളത്തിലെ പൂരക്കളി, തെയ്യം, പടയണി തുടങ്ങിയ അനുഷ്ഠാനകലകളിലും കൂടിയാട്ടം, കഥകളി തുടങ്ങിയ സനാതനകലകളിലും പരാമര്‍ശിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതുമായ രാഗതാളങ്ങള്‍ പലതും ഇന്ന് കര്‍ണാടക സംഗീതത്തില്‍പോലും പ്രചാരത്തിലില്ലാത്തതാണെന്ന് പറയേണ്ടിവരും. ശ്രീകണ്ഠി, ബലഹരി, ആന്ധാദി, ഇന്ദളം, കാനക്കുറിഞ്ഞി തുടങ്ങിയ നിരവധി രാഗങ്ങളും കുംഭതാളം, മര്‍മ്മതാളം, ജീവതാളം തുടങ്ങിയ സങ്കീര്‍ണവും ലളിതവുമായ താളങ്ങളും കേരളീയസംഗീതത്തിലുണ്ടായിരുന്നു.

കേരളീയ രീതിയിലുള്ള സോപാന സംഗീത പദ്ധതിയില്‍ നിന്നുള്ള ഊര്‍ജം കൊണ്ടാണ് ഷഡ്കാല ഗോവിന്ദമാരാര്‍ക്ക് ആറുകാലത്തിലുള്ള 'പല്ലവി' ത്യാഗരാജ സന്നിധിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്നതില്‍ നിന്നുതന്നെ കേരളീയസംഗീതത്തിന്റെ മഹത്വവും തലങ്ങളും തിരിച്ചറിയാന്‍ കഴിയും,കഴിയണം.

ഇത്രയും സംസ്‌കൃതവും സമ്പന്നവും ശാസ്ത്രീയവും പ്രൗഢവുമായ സംഗീത സമ്പത്തുണ്ടായിരുന്നിട്ടും നാം മലയാളികള്‍ മാത്രം എന്തുകൊണ്ടാണ് ഉറക്കം നടിക്കുന്നത്. ദക്ഷിണ ഭാരതീയ സംഗീത കച്ചേരികളില്‍ സമ്പന്നമായ കേരളീയ സംഗീത രചനകള്‍ മുഖ്യസ്ഥാനത്തേക്ക് വരുന്നത് എന്നായിരിക്കും ഇനി? ഇക്കാലത്തെ ഏറ്റവും ശക്തമായ ശാസ്ത്രീയ സംഗീതാവതരണ രീതി 'കച്ചേരി' ആയതുകൊണ്ട് തീര്‍ച്ചയായും കച്ചേരികളില്‍ ആലപിക്കപ്പെട്ടാല്‍ മാത്രമെ കേരളീയ സംഗീതത്തിന്റെ ശക്തി ലോകം തിരിച്ചറിയുകയുള്ളൂ. തമിഴ്കൃതികള്‍ കച്ചേരികളില്‍ മുഖ്യമായി ആലപിക്കാന്‍ സംഗീതജ്ഞര്‍ മടി കാണിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെങ്കിലും ഭാഷാഭിമാനവും സ്വന്തം സംഗീതപദ്ധതിയിലുള്ള വിശ്വാസവും കാരണം തമിഴന്‍ ഈ കുറവ് വേഗം പരിഹരിച്ചു. കച്ചേരികളുടെ മുഖ്യധാരയില്‍ ധാരാളമായി ആലപിക്കപ്പെട്ടുതുടങ്ങി.

കേരളത്തില്‍ വരുമ്പോള്‍ മാത്രമാണ് മറുനാട്ടുകാരായ സംഗീതജ്ഞര്‍ കേരളീയ വാഗ്ഗേയകാരന്മാരുടെ കൃതികളും മലയാള പദങ്ങളും മറ്റും പാടുന്നത് എന്ന് പരാതി പറയുന്ന ധാരാളം പേരെ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ, എത്ര മലയാളി ഗായകര്‍ ഇത്തരം മലയാള രചനകള്‍ കച്ചേരികളില്‍ ഉള്‍പ്പെടുത്താറുണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. മറുനാട്ടുകാര്‍ക്കാണോ മലയാളിയേക്കാള്‍ മലയാളസംഗീതത്തോട് കൂറുവേണ്ടത് എന്ന ചോദ്യം നമ്മെത്തന്നെ പരിഹസിക്കുന്നതായേക്കും.

മറ്റൊരു പ്രധാനകാര്യം ഇന്ന് അപൂര്‍വമായെങ്കിലും കച്ചേരികളില്‍ പാടിക്കേള്‍ക്കുന്ന മലയാള രചനകള്‍ പലതും കര്‍ണാടകസംഗീതകൃതികളുടെ മട്ടില്‍ രചിക്കപ്പെട്ടവയാണ്. കാവടിച്ചിന്തും തേവാരവും മകുടിയും ഉള്‍പ്പെടുത്താന്‍ തമിഴ്‌നാട്ടുകാര്‍ക്ക് മടിതോന്നിയില്ല എന്നത് നമുക്കും പാഠമാവണം. രാഗതാളബദ്ധമായ, സംഗീതമയമായ മറ്റ് രചനകള്‍ കേരളീയസംഗീതത്തിലുണ്ട്. അത് കണ്ടെത്താന്‍ നമുക്കുകഴിയും. കഥകളിപ്പദങ്ങള്‍, തിരുവാതിരക്കളിപ്പാട്ടുകള്‍, നാടന്‍പാട്ടുകള്‍, പഴയകാല നാടകഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം പോലെയുള്ള അര്‍ഥസമ്പുഷ്ടമായ ഗീതങ്ങള്‍ തുടങ്ങി സമ്പന്നമായ ഒരു സംഗീതലോകമുണ്ട് നമുക്ക്.

ശ്രീരാഗത്തിലുള്ള 'അജിതഹരേ', യദുകുലകാംബോജി രാഗത്തിലുള്ള 'ലോകാധിപാ കാന്താ...' തുടങ്ങിയ എണ്ണമറ്റ രാഗതാളബദ്ധമായ കഥകളിപ്പദങ്ങള്‍ കഥകളിപ്പദം എന്ന പേരില്‍ത്തന്നെ സംഗീതക്കച്ചേരികളില്‍ ഉള്‍പ്പെടുത്താം. 'വീരവിരാടകുമാരവിഭോ....' തുടങ്ങിയ മനോഹരമായ തിരുവാതിരക്കളിപ്പാട്ടുകള്‍ കച്ചേരികളുടെ അവസാനഭാഗത്തെങ്കിലും ഉള്‍പ്പെടുത്താം. (ലോകാധിപാ കാന്താ എന്ന പദം കര്‍ണാടസംഗീതത്തിലെ ഏതൊരു വിളംബകാലകൃതിയേയും അതിശയിക്കുന്നതാണെന്ന സത്യം നാം മറച്ചുവെക്കരുത്). അതുപോലെ പടയണി, തെയ്യം, തോറ്റംപാട്ട്, പൂരക്കളി തുടങ്ങി നാടന്‍സംഗീതത്തിലുള്ള സാഹിത്യവും സംഗീതവും അനുയോജ്യമായി പരിഷ്‌കരിച്ച് കച്ചേരികളുടെ മുഖ്യധാരയില്‍ പരിചയപ്പെടുത്തേണ്ടതുണ്ട്. ശ്രീനാരായണഗുരു രചിച്ച 'ആടുപാമ്പേ' എന്ന ഗീതം മറ്റൊരു ഉദാഹരണമാണ്. അര്‍ഥം കൊണ്ടും സംഗീതം കൊണ്ടും ഉത്തമമായ രചനയാണത്. തോടി രാഗത്തില്‍ കേള്‍ക്കുന്ന 'പ്രിയമാനസാ...' എന്ന തിരുവാതിരക്കളിപ്പാട്ടും ആനന്ദഭൈരവി രാഗത്തിലുള്ള 'ആലായാല്‍ തറ വേണം' എന്ന നാടന്‍പാട്ടും മറ്റും ഒട്ടും മേന്മ കുറഞ്ഞതല്ല.

പ്രാചീനവും പുതിയതുമായ സംഗീതത്തിനു ചേര്‍ന്ന സാഹിത്യം കണ്ടെത്തി രാഗ-താള ശുദ്ധമാക്കി ചിട്ടപ്പെടുത്തി അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പുതിയ ഒരു കച്ചേരി സമ്പ്രദായം തന്നെ നമുക്ക് രൂപീകരിച്ചെടുത്താന്‍ കഴിയും. പരമ്പരാഗത സംഗീതസംസ്‌കാരത്തില്‍ നിന്നുകൊണ്ടുതന്നെ ഈ പുതിയ വിപ്ലവത്തിനു തിരികൊളുത്താന്‍ നമുക്ക് കഴിയും.

തമിഴ് സംഗീതത്തെ കര്‍ണാടകസംഗീതത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുകൊണ്ടുവന്നത് തമിഴന്‍ തന്നെയാണ്. അതുപോലെ കേരളീയസംഗീതത്തെ മുഴുവന്‍ ക്രോഡീകരിച്ച് തനതായ ഒരു പുതിയ സംഗീതാവതരണ രീതി രൂപീകരിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ ഇന്നത്തെ ശക്തമായ സംഗീതാവതരണ സമ്പ്രദായമായ 'കച്ചേരി'യില്‍ തന്നെ, തനതുരൂപത്തില്‍ അവതരിപ്പിച്ച് മെല്ലെ മെല്ലെ ആണെങ്കിലും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നാം തന്നെ ശ്രമിക്കണം.

ജനിച്ച നാടിനോടുള്ള സ്നേഹം കൊണ്ടെങ്കിലും ഇത്തരം അപൂര്‍വ സംഗീതരചനകള്‍ കണ്ടെത്തി കച്ചേരികളില്‍ ഉള്‍പ്പെടുത്താന്‍ കഴിവുള്ള ഗായകര്‍ തയ്യാറായാല്‍ കേരളത്തിന് സമ്പന്നമായ സംഗീതചരിത്രമുണ്ടെന്നും അത് ശക്തിയും സൗന്ദര്യവുമുള്ളതാണെന്നും നമുക്കുതന്നെ ലോകത്തോടു വിളിച്ചുപറയാം. അറിഞ്ഞും അറിയാതെയും നമ്മുടെ സംഗീതത്തെ സമ്പന്നമാക്കിയ സമര്‍പ്പിത ജന്മങ്ങള്‍ക്ക് നാം നല്കുന്ന തിലോദകമെങ്കിലുമാവട്ടെ അത്

Sunday, February 6, 2011

അല്പത്വം


അല്പത്വം

അര്‍ദ്ധരാത്രിയില്‍ കുട പിടിക്കൊല്ല
അര്‍ദ്ധരാജ്യത്തില്‍ തൃപ്തനാകൊല്ല

സഹധര്‍മശ്ച്ചര്യതാം














സഹധര്‍മശ്ച്ചര്യതാം


നമുക്കൊരുമിച്ചു
നടക്കാം
നമുക്കൊരുമിച്ചു പറയാം
നമുക്കൊരുമിച്ചു ചിരിക്കാം
നമുക്കൊരുമിച്ച് ഇരിക്കാം
നമുക്കൊരുമിച്ചു ദു:ഖിച്ചിരിക്കാം
നമുക്കൊരുമിച്ചു കരയാം
നമുക്കൊരുമിച്ചു ചിന്തിക്കാം
നമുക്കൊരുമിച്ച് ഓര്‍മിക്കാം
നമുക്കൊരുമിച്ചു സ്വപ്നം കാണാം
നമുക്കൊരുമിച്ചു നിലാവിലലിയാം
നമുക്കൊരുമിച്ചു മഴ കൊള്ളാം
നമുക്കൊരുമിച്ചു പാട്ടു പാടാം
നമുക്കൊരുമിച്ചു നീന്തിത്തുടിക്കാം
നമുക്കൊരുമിച്ച് ഉണ്ണാം
നമുക്കൊരുമിച്ച് രമിക്കാം
നമുക്കൊരുമിച്ച് ഉറങ്ങാം
നമുക്കൊരുമിച്ചു ജീവിക്കാം


07/02/2011

പരിധി


ജീവിതത്തെ ഒരു ചതുരത്തില്‍ വരച്ചിടാന്‍ ശ്രമിക്കുമ്പോള്‍
ചതുരം സ്വയം ചെറുതാകുന്നു
കാഴ്ച മങ്ങിപ്പോകുംപോലെ

07/02/2011

പ്രളയം


പ്രണയം
പ്രണവം പ്രളയം

05/02/2011