Wednesday, June 15, 2011

സംഗീത കേരളം -an artcle by me published in mathrubhoomi


കല്പാത്തി 2009
നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്പര്‍ശം
Published in kalpathi rathotsava suppliment of mathrubhoomi 2009
അജിത് നമ്പൂതിരി
താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍ സംഗീതത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ദേശ - ഭാഷകള്‍ക്കപ്പുറം ഏതൊരു ഹൃദയത്തെയും കീഴടക്കുന്ന ചില സൗന്ദര്യാംശങ്ങള്‍ ഇത്തരം സംഗീത രൂപങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ നാടന്‍സംഗീതം നമ്മുടെ പ്രാണന്റെ ഭാഗമായിത്തീരുന്നത്.
'ശാസ്ത്രീയ സംഗീതം' എന്ന് വിളിച്ചുപോരുന്ന സങ്കീര്‍ണ്ണമായ ഭാരതീയ സനാതന സംഗീതം (Indian Classical Music) ഉരുത്തിരിഞ്ഞുവരും മുമ്പ് നിലവിലിരുന്നതും ഇപ്പോഴും പ്രചാരത്തിലുള്ളതുമായ അശാസ്ത്രീയമായ അല്ലെങ്കില്‍ അസംസ്‌കൃതമായ സംഗീത രൂപങ്ങളെയാണ് പൊതുവെ നാടന്‍സംഗീതം(Folk Music), ഗോത്രസംഗീതം (Tribal Music) എന്നെല്ലാം പറയുന്നത്. ഭാരതീയ സനാതന സംഗീത(Indian Classical Music)ത്തിന്റെ വളര്‍ച്ചയില്‍ ജനപദ സംഗീത രൂപങ്ങളായ ഇത്തരം വിഭിന്ന സംഗീത സ്രോതസ്സുകള്‍ വഹിച്ചിട്ടുള്ള പങ്ക് വിസ്മരിക്കാനാവില്ല.
സാധാരണ ജനങ്ങള്‍ എന്ന് വ്യവഹരിക്കപ്പെടുന്ന ജനസാമാന്യത്തിന്റെ ജീവിതസാഹചര്യങ്ങളോട് ചേര്‍ന്നും അനുഷ്ഠാനങ്ങളോട് ബന്ധപ്പെട്ടും ആനന്ദോപാധിയായും രൂപീകരിക്കപ്പെടുന്ന അനുഷ്ഠാന - നാടന്‍ സംഗീതാവതരണങ്ങള്‍ പില്‍ക്കാലത്തുണ്ടായ സംഗീതശാസ്ത്ര ലക്ഷണകാരന്മാരുടെ വ്യവസ്ഥകളും നിയമങ്ങളും അനുസരിക്കണമെന്നില്ല. സാധാരണ ജനങ്ങളുടെ നിത്യജീവിതത്തോട് നിരന്തരബന്ധം പുലര്‍ത്തുന്ന നാടോടി സംഗീതത്തിന് സനാതനസംഗീത (Classical Music)ത്തില്‍ നിന്നും വ്യത്യസ്തമായ ചില സാമൂഹിക ധര്‍മ്മങ്ങളുണ്ട്.
താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍ സംഗീതത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ദേശ - ഭാഷകള്‍ക്കപ്പുറം ഏതൊരു ഹൃദയത്തെയും കീഴടക്കുന്ന ചില സൗന്ദര്യാംശങ്ങള്‍ ഇത്തരം സംഗീത രൂപങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ നാടന്‍സംഗീതം നമ്മുടെ പ്രാണന്റെ ഭാഗമായിത്തീരുന്നത്.
ഏത് തരത്തില്‍ നോക്കിയാലും സംസ്‌കൃതവും സമ്പന്നവും ലക്ഷണയുക്തവുമാണ് സനാതനസംഗീതം അഥവാ ശാസ്ത്രീയ സംഗീതം. എല്ലാ രീതിയിലും നാടോടി സംഗീതത്തേക്കാള്‍ പൂര്‍ണത നേടിയ സംഗീത പദ്ധതിയെ സര്‍വ്വരാലും പ്രകീര്‍ത്തിക്കപ്പെടുന്ന ലോകത്തെ ഏത് രാജ്യത്തിന്റെ സനാതന സംഗീത പദ്ധതികളിലും പക്ഷെ നാടോടി സംഗീതത്തിന്റെ മനോഹരമായ മേമ്പൊടികള്‍ അനുഭവിച്ചറിയാം.
ഭാരതീയ സനാതന സംഗീതശാസ്ത്രം 'സംഗീതം' എന്ന പദം കൊണ്ടര്‍ഥമാക്കുന്ന തരത്തിലുള്ള സങ്കല്പ പൂര്‍ണതയിലേക്ക് വന്നെത്തിയത് നൂറ്റാണ്ടുകളിലൂടെയുള്ള അറിഞ്ഞും അറിയാതെയുമുള്ള അന്വേഷണങ്ങളിലൂടെയും തപസ്യയിലൂടെയുമാണ്. വേദങ്ങള്‍ക്ക് മുമ്പും ഇവിടെ പല ആലാപന രീതികളും ഈണങ്ങളും താളമേളങ്ങളും നിലനിന്നിരുന്നു. പക്ഷെ 'ശാസ്ത്രീയ സംഗീതം' എന്ന് വിളിക്കപ്പെടുന്ന ഭാരതീയ സനാതന സംഗീതത്തിന്റെ ഏറ്റവും പ്രകാശാത്മകമായ വികാസം വേദകാലം തൊട്ടാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റ് വേദങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് സാമവേദത്തിലെ ശ്ലോകങ്ങള്‍ ആലപിക്കപ്പെട്ടത്. അതായത് സുവ്യക്തമായ സ്വരവ്യതിയാനങ്ങളോടെ ഈണത്തില്‍. അതുകൊണ്ടുതന്നെ 'സാമഗാനം' എന്നാണ് ഈ രീതിയെ വിളിച്ചുവന്നത്.
വ്യക്തമായ ഈ സ്വരവ്യതിയാനങ്ങളില്‍ നിന്ന് വികാസം പ്രാപിച്ച ഏഴ് സ്വരങ്ങളാണ് (സ,രി,ഗ,മ,പ,ധ,നി എന്നീ സപ്തസ്വരങ്ങള്‍). ഭാരതീയ ശാസ്ത്രീയ സംഗീത പദ്ധതിയ്ക്ക് അടിത്തറ പാകിയെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അങ്ങനെ വികാസം പ്രാപിച്ച ഭാരതീയ ശാസ്ത്രീയ സംഗീതത്തെ 'സംഗീതം' എന്ന പേരിലാണ് പുരാതന പ്രസിദ്ധമായ സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാം തന്നെ പരാമര്‍ശിച്ചുകാണുന്നത്. പിന്നീട് വിദേശീയരുടെ ആഗമനത്തോടെയാണ് ഉത്തരഭാരതത്തില്‍ പ്രചരിക്കുന്ന സംഗീതത്തെ 'ഹിന്ദുസ്ഥാനി സംഗീതം' എന്നും ദക്ഷിണ ഭാരതത്തില്‍ പ്രചരിക്കുന്ന സംഗീതത്തെ 'കര്‍ണാടകസംഗീതം' എന്നും വിളിച്ചു തുടങ്ങിയത്. അതിന് മുമ്പുള്ള സംഗീത ശാസ്ത്രഗ്രന്ഥങ്ങളിലൊന്നും ഈ വേര്‍തിരിവ് കാണാന്‍ കഴിയില്ല.
ഈ വിഭജനം നടക്കുന്ന കാലത്തിനും മുമ്പ് തന്നെ പക്ഷെ സംഗീതത്തെ 'മാര്‍ഗസംഗീതം' എന്നും പ്രാദേശികമായി പ്രചാരത്തിലുള്ള സംഗീതത്തെ 'ദേശിസംഗീതം' എന്നും വിളിച്ചിരുന്നു. പക്ഷേ ഇക്കാലത്ത് ഈ വിഭജനരീതി നിലവിലില്ല. മാര്‍ഗസംഗീതത്തില്‍ ഉപയോഗിച്ചിരുന്ന രാഗങ്ങളെ 'മാര്‍ഗരാഗങ്ങള്‍' എന്നും ദേശിസംഗീതത്തില്‍ ഉപയോഗിച്ചിരുന്ന രാഗങ്ങളെ 'ദേശി രാഗങ്ങള്‍' എന്നും വിളിച്ചിരുന്നു അക്കാലത്ത്. 'ദേശിരാഗങ്ങള്‍' അല്ലെങ്കില്‍ 'ദേശ്യരാഗങ്ങള്‍' എന്നറിയപ്പെട്ട മിക്ക രാഗങ്ങളും തദ്ദേശീയമായ നാടോടി സംഗീതത്തില്‍ നിന്നും സ്വീകരിക്കപ്പെട്ടവയായിരുന്നു. അതുകൊണ്ടുതന്നെ കര്‍ണാടകത്തില്‍ ഇന്നു നാം കേള്‍ക്കുന്ന സൗരാഷ്ട്രം , പുന്നാഗവരാളി, മുഖാരി, സാവേരി, തോടി തുടങ്ങിയ പല രാഗങ്ങളും പ്രാചീനമാണെന്നു മാത്രമല്ല നാടോടിസംഗീതവുമായി അത്രമേല്‍ ബന്ധമുള്ളവയുമാണ്. ആനന്ദഭൈരവി, ഭൈരവി, മാഞ്ചി, കുറിഞ്ചി, സുരുട്ടി തുടങ്ങിയ മനോഹരരാഗങ്ങള്‍ പലതും ഇത്തരം നാടോടി-ജനിതക-ബന്ധമുള്ളവയാണ്. ഇത്തരം രാഗങ്ങള്‍ക്കെല്ലാം തന്നെ പല ആധുനിക രാഗങ്ങളെക്കാളും സവിശേഷ വ്യക്തിത്വവും സൗന്ദര്യവുമുണ്ടെന്ന് സംഗീതശാസ്ത്ര പണ്ഡിതന്മാര്‍ പോലും തലകുലുക്കി സമ്മതിക്കുന്നുമുണ്ട്.
ശാസ്ത്രീയ സംഗീതം അല്ലെങ്കില്‍ ഭാരതീയ സനാതന സംഗീതം എന്ന മഹാസാഗരത്തിലേയ്ക്ക് ഒഴുകിയെത്തുന്ന, നാടോടി സംഗീതത്തിലെ ചെറുനദികളെപ്പോലെയുള്ള ഇത്തരം രാഗങ്ങളെയും താളങ്ങളെയും സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ സംഗീതത്തിന് ഇത്രമേല്‍ സൗന്ദര്യപൂര്‍ണതയുണ്ടാവുമോയെന്നുതന്നെ സംശയമാണ്. പക്ഷേ, നാടോടി സംഗീതമടക്കമുള്ള പ്രാദേശിക സംഗീതത്തെ ശാസ്ത്രീയസംഗീതലോകം പില്‍ക്കാലത്ത് വേണ്ടതുപോലെ പരിഗണിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഉദാഹരണമായി പറയുമ്പോള്‍ ഇന്ന് പ്രാധാന്യത്തോടെ കര്‍ണാടകസംഗീതക്കച്ചേരികളില്‍ ആലപിക്കപ്പെടുന്ന തമിഴ്കീര്‍ത്തനങ്ങളുടെ കാര്യമാണ് ആദ്യം പറയേണ്ടത്.
ത്യാഗരാജസ്വാമികള്‍ ജീവിച്ചതത്രയും തമിഴ്‌നാട്ടിലായിരുന്നുവെങ്കിലും ഒരു കൃതിപോലും തമിഴ്ഭാഷയില്‍ രചിച്ചതായി നമുക്കറിയാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം മാതൃഭാഷയായ തെലുങ്കിലാണ് അദ്ദേഹം കൃതികള്‍ പ്രധാനമായും രചിച്ചത്. ദീപ്തമായ ത്യാഗരാജയുഗത്തിനുശേഷം കര്‍ണാടകസംഗീതമെന്നറിയപ്പെടുന്ന ദക്ഷിണഭാരതീയ സംഗീതത്തിന്റെ ഭാഷ തെലുങ്കാണെന്ന് ചിലരെങ്കിലും വിശ്വസിക്കുകയും (സംസ്‌കൃതം വരേണ്യമായതുകൊണ്ട് അതു പണ്ടുതൊട്ടേ 'സനാതനം' അല്ലെങ്കില്‍ ക്ലാസിക്കല്‍ ആയി അംഗീകരിക്കപ്പെട്ടിരുന്നു) കച്ചേരികളില്‍ തെലു
ഗുഭാഷയിലുള്ള കൃതികള്‍ക്ക് മുഖ്യസ്ഥാനം കൈവരികയും ചെയ്തു. കര്‍ണാടകസംഗീതത്തിന്റെ ഭാഷതന്നെ സംസ്‌കൃതവും തെലുഗുമാണെന്ന ഒരു ചിന്താഗതി ഭൂരിപക്ഷം പേരിലും രൂഢമൂലമായിരുന്നു. ഒരു കാലത്ത് ത്യാഗരാജസ്വാമികള്‍ക്കുപോലും വഴികാട്ടിയായിരുന്നു പുരന്ദരദാസരുടെ കന്നഡഭാഷയിലുള്ള രചനകള്‍പോലും പലപ്പോഴും കച്ചേരിയുടെ അവസാനഭാഗത്ത് 'തുക്കടാ' വിഭാഗത്തിലായിരുന്നു ആലപിക്കപ്പെട്ടിരുന്നത്.ഇന്നും പുരന്ദരദാസരുടെ രചനകള്‍ക്ക് കച്ചേരികളില്‍ അത്രയൊന്നും പ്രാധാന്യം നല്കിക്കേള്‍ക്കാറില്ല. തെലുഗുഭാഷയൊഴിച്ചുള്ള പ്രാദേശിക ഭാഷകളെ അറിഞ്ഞും അറിയാതെയും കര്‍ണാടക സംഗീതക്കച്ചേരികളില്‍ അവഗണിച്ചുപോന്നിരുന്നു, തമിഴിനെയടക്കം. മലയാളരചനകള്‍ക്ക് ഒരു സ്ഥാനവും അക്കാലത്തില്ലായിരുന്നു, (സ്വാതിതിരുനാള്‍ മഹാരാജാവിന്റെ മലയാളരചനകള്‍ ഇത്രയെങ്കിലും ആലപിക്കപ്പെടുന്നത് പിന്നെയും കുറേക്കാലത്തിനുശേഷമാണ്).

പ്രാചീന തമിഴ്‌സംഗീതം അന്നത്തെയും എന്നത്തെയും നിലയില്‍ വികാസം പ്രാപിച്ചിരുന്നുവെങ്കില്‍ പോലും തമിഴ്‌സംഗീതരചനകള്‍ കച്ചേരികളില്‍ പാടുന്നത് കുറച്ചിലായി കണ്ട സംഗീതജ്ഞരുണ്ടായിരുന്നുവത്രെ. രാഗതാളബദ്ധമായ തേവാരം, തിരുപ്പുകഴ്, തിരുപ്പാവൈ തുടങ്ങി പലതരം ഗാനരൂപങ്ങളും സംഗീതരൂപങ്ങളും തമിഴ്‌സംഗീതത്തില്‍ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം കച്ചേരികളുടെ മുഖ്യധാരയിലേയ്ക്കു കടന്നുവന്നിരുന്നില്ല. തമിഴ്‌നാട്ടുകാരായ വാഗ്ഗേയകാരന്മാര്‍പോലും തെലുഗുഭാഷയില്‍ കൃതികള്‍ രചിച്ചുകാണുന്നത് തെലുഗില്‍ രചിച്ചാല്‍ മാത്രമേ അംഗീകാരം കിട്ടുകയുള്ളൂ എന്നു കരുതിയാവാം. പിന്നീട് ഗോപാലകൃഷ്ണഭാരതിയുടെയും മറ്റും കൃതികള്‍ ആലപിക്കാന്‍ തുടങ്ങിയതോടെ തമിഴന്റെ ഭാഷാസ്നേഹവും ദേശസ്നേഹവും കൊണ്ട് മെല്ലെയാണെങ്കിലും കര്‍ണാടകസംഗീതക്കച്ചേരികളില്‍ തമിഴ്ഭാഷയിലുള്ള കൃതികള്‍ക്ക് മാന്യസ്ഥാനം ലഭിച്ചുതുടങ്ങി. പില്‍ക്കാലത്ത് 'തമിഴ്ത്യാഗയ്യ' എന്നു വിളിക്കപ്പെട്ട പാപനാശം ശിവന്റെ യുഗം പിറന്നതോടെ മനോഹരമായ പാപനാശം ശിവന്‍ കൃതികളും പ്രധാന്യത്തോടെ കച്ചേരികളില്‍ ഉള്‍പ്പെടുത്തപ്പെട്ടു.

സംഗീത കേരളം
മലയാളഭാഷയിലുള്ള സംഗീതവും കേരളീയ സംഗീതവും ഇന്നത്തെ മുഖ്യമായ ദക്ഷിണഭാരതീയ സനാതന സംഗീതാവതരണരീതിയായ 'കര്‍ണാടകസംഗീതക്കച്ചേരി'കളില്‍ വേണ്ട പ്രധാന്യം നല്കാതെ അവഗണിക്കപ്പെട്ടുതന്നെ കിടന്നു.
ശ്രീസ്വാതിതിരുനാള്‍ സംഗീതഅക്കാദമി തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ടതിനുശേഷം ശെമ്മങ്കുടി ശ്രീനിവാസയ്യര്‍, പാലക്കാട് കെ.വി.നാരായണസ്വാമിഅയ്യര്‍ തുടങ്ങിയ ചില ഗായകരും അവരുടെ ചില ശിഷ്യഗണങ്ങളും അവരുടെ പരമ്പരയിലെ ചിലരും സ്വാതിതിരുനാള്‍ മഹാരാജാവിന്റെ മലയാള പദങ്ങളും ഉത്സവപ്രബന്ധങ്ങളും പാടിയിരുന്നു എന്നതൊഴിച്ചാല്‍ കച്ചേരികളില്‍ മലയാളഭാഷയിലുള്ള സംഗീതരചനകള്‍ക്കോ കേരളീയ സംഗീതത്തിനോ വലിയ പരിഗണന ഇന്നും വേണ്ടത്രയില്ലെന്നുവേണം പറയാന്‍.
തമിഴനാണെങ്കില്‍ അവന്റെ നാടിനോടും ഭാഷയോടും സംസ്‌കാരത്തോടുമുള്ള കൂറുകൊണ്ട് തമിഴ്‌നാടന്‍ സംഗീതത്തില്‍നിന്നുപോലും (രാഗബദ്ധമല്ലെങ്കില്‍പോലും) കാവടിച്ചിന്തുപോലുള്ള അനേകം ഗാനരൂപങ്ങളെ കച്ചേരികളുടെ അവസാനഭാഗത്തെങ്കിലും പാടി പ്രചരിപ്പിച്ചു. പക്ഷേ, മലയാളിക്ക് ഇന്നും കച്ചേരികളില്‍ മലയാള ഭാഷയിലുള്ള കൃതികളോ കേരളീയ സംഗീതരീതിയിലുള്ള കഥകളിപ്പദമോ ഭക്തിഗാനമോ രാഗബദ്ധമായി ഒരു ചലച്ചിത്രഗാനമോ പാടാന്‍ ലജ്ജയാണ്, ഭയമാണ്. (കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് മദ്രാസ് മ്യൂസിക് അക്കാദമിയിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ തമിഴ് ചലച്ചിത്രങ്ങളില്‍ നിന്നുള്ള രാഗതാളബദ്ധമായ ഗാനങ്ങള്‍ പ്രശസ്ത ഗായകനായ ശ്രീ. വിജയശിവ പാടിക്കേട്ടത് ഒരിക്കലും മറക്കാന്‍കഴിയില്ല) കൊച്ചിയില്‍ നടന്ന ഒരു കച്ചേരിയില്‍ ശ്രീമതി. അരുണാസായിറാം ദ്വിജാവന്തി രാഗത്തിലുള്ള 'ഒരു നേരമെങ്കിലും' എന്ന ഭക്തിഗാനം ആലപിച്ചതുകേട്ടപ്പോള്‍ മലയാളിയായ എനിക്ക് ലജ്ജതോന്നിയിരുന്നു. ഇതിനും ഒരു തമിഴ്‌നാട്ടുകാരി വേണ്ടിവന്നല്ലോ എന്നാലോചിച്ച്. രാഗതാള സുബദ്ധമായ ഇത്തരം ഭക്തിഗാനങ്ങള്‍പോലും കച്ചേരികളില്‍ ഉള്‍പ്പെടുത്തിയാല്‍ കുറച്ചിലാവില്ല എന്ന് നമുക്ക് കാണിച്ചുതരാന്‍ ഒരു തമിഴ്‌നാട്ടുകാരി വേണ്ടിവന്നു എന്നത് നാം മലയാളികള്‍ക്ക് ഒരു കുറച്ചില്‍ തന്നെയാണ് - തീര്‍ച്ചയായും.
കേരളത്തിന് ബൃഹത്തായ, പ്രാചീനമായ സംഗീത ചരിത്രമുണ്ടെന്നും അത് 'കര്‍ണാടക സംഗീതം' എന്ന പേരുവരും മുമ്പുതന്നെ നിലവിലുണ്ടായിരുന്ന സുഭദ്രമായ ഒരു സംഗീത പദ്ധതിയായിരുന്നുവെന്നുമറിയുന്നവര്‍ എത്രപേരുണ്ടാവും? കേരളത്തിലെ പൂരക്കളി, തെയ്യം, പടയണി തുടങ്ങിയ അനുഷ്ഠാനകലകളിലും കൂടിയാട്ടം, കഥകളി തുടങ്ങിയ സനാതനകലകളിലും പരാമര്‍ശിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതുമായ രാഗതാളങ്ങള്‍ പലതും ഇന്ന് കര്‍ണാടക സംഗീതത്തില്‍പോലും പ്രചാരത്തിലില്ലാത്തതാണെന്ന് പറയേണ്ടിവരും. ശ്രീകണ്ഠി, ബലഹരി, ആന്ധാ
ളി , ഇന്ദളം, കാനക്കുറിഞ്ഞി തുടങ്ങിയ നിരവധി രാഗങ്ങളും കുംഭതാളം, മര്‍മ്മതാളം, ജീവതാളം തുടങ്ങിയ സങ്കീര്‍ണവും ലളിതവുമായ താളങ്ങളും കേരളീയസംഗീതത്തിലുണ്ടായിരുന്നു. 

കേരളീയ രീതിയിലുള്ള സോപാനസംഗീതപദ്ധതിയില്‍ നിന്നുള്ള ഊര്‍ജം കൊണ്ടാണ് ഷഡ്കാല ഗോവിന്ദമാരാര്‍ക്ക് ആറുകാലത്തിലുള്ള 'പല്ലവി' ത്യാഗരാജ സന്നിധിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്നതില്‍ നിന്നുതന്നെ കേരളീയസംഗീതത്തിന്റെ മഹത്വവും തലങ്ങളും തിരിച്ചറിയാന്‍ കഴിയും,കഴിയണം.
ഇത്രയും സംസ്‌കൃതവും സമ്പന്നവും ശാസ്ത്രീയവും പ്രൗഢവുമായ സംഗീത സമ്പത്തുണ്ടായിരുന്നിട്ടും നാം മലയാളികള്‍ മാത്രം എന്തുകൊണ്ടാണ് ഉറക്കം നടിക്കുന്നത്? ദക്ഷിണ ഭാരതീയ സംഗീത കച്ചേരികളില്‍, സമ്പന്നമായ കേരളീയ സംഗീത രചനകള്‍ മുഖ്യസ്ഥാനത്തേക്ക് വരുന്നത് എന്നായിരിക്കും ഇനി? ഇക്കാലത്തെ ഏറ്റവും ശക്തമായ ശാസ്ത്രീയ സംഗീതാവതരണ രീതി 'കച്ചേരി' ആയതുകൊണ്ട് തീര്‍ച്ചയായും കച്ചേരികളില്‍ ആലപിക്കപ്പെട്ടാല്‍ മാത്രമെ കേരളീയ സംഗീതത്തിന്റെ ശക്തി ലോകം തിരിച്ചറിയുകയുള്ളൂ. തമിഴ്കൃതികള്‍ കച്ചേരികളില്‍ മുഖ്യമായി ആലപിക്കാന്‍ സംഗീതജ്ഞര്‍ മടി കാണിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെങ്കിലും ഭാഷാഭിമാനവും സ്വന്തം സംഗീതപദ്ധതിയിലുള്ള വിശ്വാസവും കാരണം തമിഴന്‍ ഈ കുറവ് വേഗം പരിഹരിച്ചു. കച്ചേരികളുടെ മുഖ്യധാരയില്‍ ധാരാളമായി ആലപിക്കപ്പെട്ടുതുടങ്ങി.
കേരളത്തില്‍ വരുമ്പോള്‍ മാത്രമാണ് മറുനാട്ടുകാരായ സംഗീതജ്ഞര്‍ കേരളീയ വാഗ്ഗേയകാരന്മാരുടെ കൃതികളും മലയാള പദങ്ങളും മറ്റും പാടുന്നത് എന്ന് പരാതി പറയുന്ന ധാരാളം പേരെ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ, എത്ര മലയാളി ഗായകര്‍ ഇത്തരം മലയാള രചനകള്‍ കച്ചേരികളില്‍ ഉള്‍പ്പെടുത്താറുണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. മറുനാട്ടുകാര്‍ക്കാണോ മലയാളിയേക്കാള്‍ മലയാളസംഗീതത്തോട് കൂറുവേണ്ടത് എന്ന ചോദ്യം നമ്മെത്തന്നെ പരിഹസിക്കുന്നതായേക്കും.
മറ്റൊരു പ്രധാനകാര്യം ഇന്ന് അപൂര്‍വമായെങ്കിലും കച്ചേരികളില്‍ പാടിക്കേള്‍ക്കുന്ന മലയാള രചനകള്‍ പലതും കര്‍ണാടകസംഗീതകൃതികളുടെ മട്ടില്‍ രചിക്കപ്പെട്ടവയാണ്. കാവടിച്ചിന്തും തേവാരവും മകുടിയും ഉള്‍പ്പെടുത്താന്‍ തമിഴ്‌നാട്ടുകാര്‍ക്ക് മടിതോന്നിയില്ല എന്നത് നമുക്കും പാഠമാവണം. രാഗതാളബദ്ധമായ, സംഗീതമയമായ മറ്റ് രചനകള്‍ കേരളീയസംഗീതത്തിലുണ്ട്. അത് കണ്ടെത്താന്‍ നമുക്കുകഴിയും. കഥകളിപ്പദങ്ങള്‍, തിരുവാതിരക്കളിപ്പാട്ടുകള്‍, നാടന്‍പാട്ടുകള്‍, പഴയകാല നാടകഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം പോലെയുള്ള അര്‍ഥസമ്പുഷ്ടമായ ഗീതങ്ങള്‍ തുടങ്ങി സമ്പന്നമായ ഒരു സംഗീതലോകമുണ്ട് നമുക്ക്.
ശ്രീരാഗത്തിലുള്ള 'അജിതഹരേ', യദുകുലകാംബോജി രാഗത്തിലുള്ള 'ലോകാധിപാ കാന്താ...' ,
'വീരവിരാടകുമാരവിഭോ....' തുടങ്ങിയ എണ്ണമറ്റ രാഗതാളബദ്ധമായ കഥകളിപ്പദങ്ങള്‍ കഥകളിപ്പദം എന്ന പേരില്‍ത്തന്നെ സംഗീതക്കച്ചേരികളില്‍ ഉള്‍പ്പെടുത്താം. മനോഹരമായ തിരുവാതിരക്കളിപ്പാട്ടുകള്‍ കച്ചേരികളുടെ അവസാനഭാഗത്തെങ്കിലും ഉള്‍പ്പെടുത്താം. (ലോകാധിപാ കാന്താ എന്ന പദം കര്‍ണാടസംഗീതത്തിലെ ഏതൊരു വിളംബകാലകൃതിയേയും അതിശയിക്കുന്നതാണെന്ന സത്യം നാം മറച്ചുവെക്കരുത്). അതുപോലെ പടയണി, തെയ്യം, തോറ്റംപാട്ട്, പൂരക്കളി തുടങ്ങി നാടന്‍സംഗീതത്തിലുള്ള സാഹിത്യവും സംഗീതവും അനുയോജ്യമായി പരിഷ്‌കരിച്ച് കച്ചേരികളുടെ മുഖ്യധാരയില്‍ പരിചയപ്പെടുത്തേണ്ടതുണ്ട്. ശ്രീനാരായണഗുരു രചിച്ച 'ആടുപാമ്പേ' എന്ന ഗീതം മറ്റൊരു ഉദാഹരണമാണ്. അര്‍ഥം കൊണ്ടും സംഗീതം കൊണ്ടും ഉത്തമമായ രചനയാണത്. തോടി രാഗത്തില്‍ കേള്‍ക്കുന്ന 'പ്രിയമാനസാ...' എന്ന തിരുവാതിരക്കളിപ്പാട്ടും ആനന്ദഭൈരവി രാഗത്തിലുള്ള 'ആലായാല്‍ തറ വേണം' എന്ന നാടന്‍പാട്ടും മറ്റും ഒട്ടും മേന്മ കുറഞ്ഞതല്ല.

പ്രാചീനവും പുതിയതുമായ സംഗീതത്തിനു ചേര്‍ന്ന സാഹിത്യം കണ്ടെത്തി രാഗ-താള ശുദ്ധമാക്കി ചിട്ടപ്പെടുത്തി അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പുതിയ ഒരു കച്ചേരി സമ്പ്രദായം തന്നെ നമുക്ക് രൂപീകരിച്ചെടുത്താന്‍ കഴിയും. പരമ്പരാഗതസംഗീതസംസ്‌കാരത്തില്‍ നിന്നുകൊണ്ടുതന്നെ ഈ പുതിയ വിപ്ലവത്തിനു തിരികൊളുത്താന്‍ നമുക്ക് കഴിയും.
തമിഴ്സംഗീതത്തെ കര്‍ണാടകസംഗീതത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുകൊണ്ടുവന്നത് തമിഴന്‍ തന്നെയാണ്. അതുപോലെ കേരളീയസംഗീതത്തെ മുഴുവന്‍ ക്രോഡീകരിച്ച് തനതായ ഒരു പുതിയ സംഗീതാവതരണ രീതി രൂപീകരിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ ഇന്നത്തെ ശക്തമായ സംഗീതാവതരണ സമ്പ്രദായമായ 'കച്ചേരി'യില്‍ തന്നെ, തനതുരൂപത്തില്‍ അവതരിപ്പിച്ച് മെല്ലെ മെല്ലെ ആണെങ്കിലും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നാം തന്നെ ശ്രമിക്കണം.
ജനിച്ച നാടിനോടുള്ള സ്നേഹം കൊണ്ടെങ്കിലും ഇത്തരം അപൂര്‍വ സംഗീതരചനകള്‍ കണ്ടെത്തി കച്ചേരികളില്‍ ഉള്‍പ്പെടുത്താന്‍ കഴിവുള്ള ഗായകര്‍ തയ്യാറായാല്‍ കേരളത്തിന് സമ്പന്നമായ സംഗീതചരിത്രമുണ്ടെന്നും അത് ശക്തിയും സൗന്ദര്യവുമുള്ളതാണെന്നും നമുക്കുതന്നെ ലോകത്തോടു വിളിച്ചുപറയാം. അറിഞ്ഞും അറിയാതെയും നമ്മുടെ സംഗീതത്തെ സമ്പന്നമാക്കിയ സമര്‍പ്പിത ജന്മങ്ങള്‍ക്ക് നാം നല്കുന്ന തിലോദകമെങ്കിലുമാവട്ടെ അത്

6 comments:

  1. Excellent article. Appreciate. -S- ഇത് kathakali.info യില്‍ പുനഃപ്രസിദ്ധീകരിക്കട്ടേ?

    ReplyDelete
  2. sure, but please give a courtesy to mathrubhoomi

    ReplyDelete
  3. excellentttttttttttt.............&....alll th bsttt

    ReplyDelete
  4. Ajith:
    Even Swathi Thirunal did not uplift Karnatic Music through Malayalm. He did not create even one krithi in Malayalam. Only padams.
    K. C. Kesava Pilla had compsed many krithis. Those are the ones to be unearthed and made popular.
    If our stalwarts had composed simple krithis our young students would have been fortunate enough to start with something they understand. A beginner has no idea what is meant by "Ninnu kori"

    (Just a reminder, not a correction: "veera viraata..." is not a "thiruvathira kali paatt", but Kathakali padam)

    ReplyDelete
  5. yes I agree with you in some contexts. Swathi composed in manipravalam not exact malayalam, but the language malayalam itself is a manipravalam with lot of sanskrit words and lakshanas.
    I know the pada "vira virata" is a kathakali padam but it is popular in thituruvathirakkali, I had wruitten it on that way.sorry for the mistake and will correct it.
    thank you for the corrections.

    ReplyDelete
  6. Very very informative. Thiruvathira pattukal comes in which catagory

    ReplyDelete