Friday, December 31, 2010

സ്ഥലകാലം

നിനക്കറിയുമോ സഹയാത്രിക !
കൊറ്റു തേടിപ്പോകും കൊച്ചുപക്ഷിയില്‍
അമ്പു തറഞ്ഞ നൊമ്പരപ്പാടുകള്‍
വാടുന്ന പൂവുകളില്‍ , മാറുന്ന തളിരിളപ്പങ്ങളില്‍
പൊഴിയാന്‍പഴുക്കുമിലകളില്‍
ജീവന്റെ താളക്രമങ്ങളില്‍
മുഹൂര്‍ത്തനേരം തുടിക്കുന്ന
മഴവില്ലിന്‍ വര്‍ണപ്രഭാവത്തില്‍
അറിവിന്‍ അമൃതപദങ്ങളെ തേടി
സിദ്ധാര്‍ത്ഥ ! നീ മിഴി പൂട്ടവേ
അലകളില്ലാത്ത നിന്‍ മുഖം
ഒരാഴി പേറുന്നു
അല ഒടുങ്ങുന്നിടത്തു ആഴം ഏറുന്നു!

സൃഷ്ടിചക്രത്തിലെ ആദിബിന്ദുവില്‍
ആദിപ്രളയത്തില്‍ തുടിച്ചോരേകകോശം
വളര്‍ന്നതും പിളര്‍ന്നതും
പിന്നെ ഗണമൊരു പാതി ചിറകാര്‍ന്നു പറന്നതും
മറുപാതി ഇരുകാലില്‍ പിച്ച്ചവെച്ച്ചു നടന്നതും
ഓരില ഈരില വിരിഞ്ഞതും
ഉഭയജീവനായ് പരിണമിച്ച്ചതും
കാട്ടുകനികള്‍ ഭുജിച്ചു പുളച്ച്ചതും
കപിലവസ്തുവില്‍ വന്നു പിറന്നതും
ഗതകാല ജാതകം കാലം പകുത്തതും
രാഗയോഗമായ് ഉണരുന്നതറിഞ്ഞു
ബ്രഹ്മം പ്രകൃതിയായ്
ആകാശമായ് മനസ്സായ്
ഹൃദയശബ്ദത്തിലേകമെന്നറിഞ്ഞു
സിദ്ധാര്‍ത്ഥ !
സഹനങ്ങളില്‍ നിന്‍ സഹയാത്രികന്‍
ഞാന്‍!

No comments:

Post a Comment